കൊച്ചി: ഷവർമ്മ കഴിച്ചതിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുലാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രാഹുൽ ജീവൻ നിലനിർത്തിയിരുന്നത്.
യുവാവിന് ഭക്ഷ്യവിഷബാധയേറ്റതായി വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് രാഹുലിന്റെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രാഹുൽ കാക്കനാടുള്ള ഹോട്ടൽ ഹയാത്തിൽ നിന്നും ഷവർമ്മ കഴിച്ചത്. ഓൺലൈനായി ഓർഡർ ചെയ്താണ് ഷവർമ്മ വാങ്ങിയത്. അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.
കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് രാഹുൽ. വീട്ടുകാരുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുൽ ഷവർമ വാങ്ങിയ ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി.















