ടെഹ്‌റാൻ: ഇസ്ലാമിക നിയമപ്രകാരം ഡ്രസ് കോഡ് പാലിക്കാത്ത നടിമാർക്ക് വിലക്കേർപ്പെടുത്തി ഇറാൻ. ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് 12 നടിമാർക്കെതിരെ ഇറാനിയൻ ഭരണകൂടം നടപടിയെടുത്തത്. സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയതായി സർക്കാർ അറിയിച്ചു.
ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന നിയമം അനുശാസിക്കാത്തവർക്ക് ജോലി ചെയ്യാൻ അനുമതി ലഭിക്കില്ലെന്ന് ഇറാനിലെ കൾച്ചർ ആൻഡ് ഇസ്ലാമിക് ഗൈഡൻസ് വകുപ്പ് മന്ത്രി മുഹമ്മദ് മെഹ്ദി ഇസ്‌മൈലി വ്യക്തമാക്കി. പ്രതിവാര മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
തരനേഹ് അലിദൂസ്തി, കത്തയൂൺ റിയാഹി, ഫത്തേമേ മൊതാമദ് എന്നിവരുൾപ്പടെയുള്ള 12 നടിമാർ ഇനിമുതൽ സിനിമയിൽ അഭിനയിക്കരുതെന്നാണ് സർക്കാർ ഉത്തരവ്. മഹ്‌സാ അമിനിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനിൽ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരാണ് വിലക്ക് ലഭിച്ച അലിദൂസ്തിയും റിയാഹിയും.















