ലോകേഷ് കനകരാജിന്റെ ഭാഗ്യ ചിത്രമാണ് കൈതി. നടൻ കാർത്തിയുടെ ദില്ലി എന്ന ശക്തമായ കഥാപാത്രവും ഇതിൽ എടുത്ത് പറയേണ്ടത് തന്നെയാണ്. കൈതിയെന്ന ഒറ്റ ചിത്രംകൊണ്ട് നിരവധി ആരാധകരെ നേടാൻ ലോകേഷിന് കഴിഞ്ഞു. ത്രില്ലർ ജോണറിലാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് ഭാഗങ്ങളായിട്ടാകും സിനിമ എത്തുകയെന്ന് ആദ്യം തന്നെ സംവിധായകനും അണിയറ പ്രവർത്തകരും അറിയിച്ചിരുന്നു. 2019 ഒക്ടോബർ 25 നായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം റിലീസ് ചെയ്തിട്ട് നാല് വർഷം തികയുകയാണ്.
ഇപ്പോഴിതാ കൈതിയുടെ രണ്ടാം ഭാഗത്തിന്റെ വരവറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൈതിയുടെ നാലാം വാർഷികത്തിൽ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ്. ആരാധകർക്ക് പ്രിയപ്പെട്ട ആക്ഷൻ രംഗങ്ങളുടെ മേക്കിംഗ് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോയുടെ അവസാനം ‘ദില്ലി തിരിച്ച് വരുന്നു’ എന്നും ‘ലൈഫ് ടൈം സെറ്റിൽമെന്റിനായി കാത്തിരിക്കുക’ എന്നും നിർമ്മാതാക്കൾ അറിയിക്കുന്നുണ്ട്.
കൈതിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് 2022 ൽ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിപ്പ് നൽകിയിരുന്നു. എന്തായാലും പുതിയ വാർത്തകൾ പുറത്ത് വരുന്നതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട മേക്കിംഗ് വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടുകഴിഞ്ഞത്.