പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവല്ല സ്വദേശികളായ വേണുക്കുട്ടൻ നായർ, ശ്രീജ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.
വേണുക്കുട്ടൻ നായരും ശ്രീജയും വിവാഹമോചന കേസ് ഫയൽ ചെയ്തിരുന്നു. ഇന്ന് രാവിലെ ശ്രീജയുടെ വീട്ടിലെത്തി വേണുക്കുട്ടൻ വഴക്കുണ്ടാക്കി. ഇതിനിടെ ശ്രീജയുടെ വയറിലും നെഞ്ചത്തും വേണുക്കുട്ടൻ കുത്തി പരിക്കേൽപ്പിച്ചു. ശേഷം ഇയാൾ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.
ശ്രീജയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ നാളായി വിദേശത്തായിരുന്ന വേണുക്കുട്ടൻ നായർ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇരുവർക്കും ഒരു മകൾ ഉണ്ട്. സംഭവത്തിൽ കീഴ്വയ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു.