ഭാരതത്തിന്റെ പരമ്പരാഗത സാംസ്‌കാരവും ജീവിതശൈലിയും പിന്തുടരുന്ന ഒരു ഗ്രാമം യൂറോപ്പിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എങ്കിൽ യൂറോപ്യൻ രാജ്യമായ ഹംഗറിയിലെ കൃഷ്ണവാലിയെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിയണം. സനാതന ധർമ്മത്തിലും ജീവിത രീതിലും ആനന്ദവും ഊർജ്ജവും കണ്ടെത്തുന്ന ജനത വസിക്കുന്ന ഇടമാണ് കൃഷ്ണവാലി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിന് 180 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി സോമോഗിവാമോസിലാണ് ഗ്രാമം എന്നു വിശേഷിപ്പിക്കാവുന്ന സെറ്റിൽമെന്റ് സ്ഥിതിചെയ്യുന്നത്.
പൂർണ്ണമായും സനാതന ധർമ്മത്തിലും കൃഷ്ണഭക്തിയിലും അധിഷ്ഠിതമായ ജീവിതം അനുവർത്തിക്കുന്ന കൃഷ്ണവാലി അഥവാ ന്യൂ വ്രജധാമ യൂറോപ്പിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ സെറ്റിൽമെന്റ് ആണ്. ഹംഗറി ഇസ്‌കോൺ ആണ് കൃഷ്ണവാലിയുടെ ചാലകശക്തി. യൂറോപ്യൻ വൻകരയിലെ സമ്പൂർണ വേദ ഗ്രാമം, ഹൈന്ദവ ഗ്രാമം തുടങ്ങിയ പ്രത്യേകതയും പ്രദേശത്തിന് സ്വന്തമാണ്. 200 ലധികം കൃഷ്ണഭക്തർ ആണ് ഇവിടെ താമസിക്കുന്നത്.

സനാതന ധർമ്മവും ജീവിതരീതിലും ആനന്ദവും ഊർജ്ജവും കണ്ടെത്തുന്ന ജനതയാണ് ഇവിടെ വലിക്കുന്നത്. ജീവിതത്തിന്റെ പല തുറകളിൽ നിന്നും ഇവിടെ സ്വയം എത്തിപ്പെട്ടവരാണ് ഇവർ. ആത്മീയതയിൽ അധിഷ്ടിതമായ ലളിതമായ ജീവിതമാണ് ഈ കൃഷ്ണഭക്തർ പിന്തുടരുന്നത്. പൂർണമായും സ്വയം പര്യാപ്തമാണ് ഈ പ്രദേശം. ഭക്ഷണം മുതൽ വൈദ്യുതി വരെ ഇവർ സ്വയം ഉത്പാദിപ്പിക്കുന്നു. സൗരോർജ്ജം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പരമ്പരാഗത കൃഷി രീതി ഇപ്പോഴും ഇവിടെ പ്രാവർത്തികമാക്കുന്നു. നിരവധി ഗോശാലകളും കൃഷ്ണവാലിയിലുണ്ട്. വിദ്യാഭ്യാസ രീതിയിലും കൃഷ്ണവാലി മികച്ച മാതൃകകളാണ് മുന്നോട്ട് വെക്കുന്നത്. മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃതവും വേദങ്ങളും ഇവിടുത്തെ കുട്ടികൾ പഠിക്കുന്നു. പരമ്പരാഗത രീതിയിൽ തിലകം അണിഞ്ഞു സ്വന്തം വിശ്വാസവും ജീവിതരീതിക്കും കോട്ടം തട്ടാതിരിക്കാൻ അതീവ ശ്രദ്ധാലുക്കളാണ് ഇവർ. ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം ഓരോ വിദ്യാർത്ഥിയും സാമൂഹിക സേവനത്തിന്റെ ഭാഗമായി ഗോശാലകളിൽ സേവനം അനുഷ്‌ഠിക്കുന്നു. വസ്ത്ര ധാരണ രീതികളിലടക്കം ഭാരതീയ ശൈലികളാണ് പിന്തുടരുന്നത്. സ്ത്രീകളുടെ വേഷം സാരിയും പുരുഷൻമാരുടേത് ദോത്തിയുമാണ്. 
കൃഷ്ണവാലിയിൽ ഒരു രാധേശ്യാമ ക്ഷേത്രമുണ്ട്. ഹംഗറിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കൃഷ്ണ വാലി ഇന്ത്യൻ കൾച്ചറൽ സെന്റർ ആൻഡ് ഇക്കോ ഫാം എന്ന ഈ സെറ്റിൽമെന്റ്. യൂറോപ്യൻ ഗ്ലോബൽ ഇക്കോ വില്ലേജിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. യു എന്നിലെ ആഗോള കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച കൂട്ടായ്മയിൽ നിരീക്ഷക പദവിയും ഈ സെറ്റിൽമെന്റിന് സ്വന്തമാണ്. സനാതന ധർമ്മത്തെ അടുത്തറിയാനും ജീവിതരീതികൾ പഠിക്കുവാനും ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകളാണ് ഇവിടെ എത്തുന്നത്.
ശിവരാമസ്വാമി ആരെന്നു അറിയാതെ കൃഷ്ണവലിയുടെ ചരിത്രവും വർത്തമാനവും പൂർണമാവില്ല. ഹംഗറിക്കാരനായ ഇദ്ദേഹമാണ് കൃഷ്ണവാലി സ്ഥാപിച്ചത്. 1949 ൽ ബുഡാപെസ്റ്റിൽ ജനിച്ച അദ്ദേഹം 1980 ൽ ഭഗവത്ഗീതയിലും സനാതനധർമ്മത്തിലും ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. തുടർന്ന് 1993 ലാണ് സ്വന്തം നാട്ടിൽ ഇത്തരം ഒരു കൂട്ടായ്മ പടുത്തുയർത്തിയത്. ഭഗവത്ഗീത ഹംഗറി ഭാഷയിൽ വിവർത്തനം ചെയ്തിട്ടുണ്ട് ശിവരാമസ്വാമി. സാംസ്കാരിക സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോൾഡ് ക്രോസ്സ് പുരസ്‌കാരം നൽകി ഹംഗറി ഗവൺമെന്റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
30,000- ത്തോളം സഞ്ചാരികളാണ് വർഷം തോറും കൃഷ്ണവാലി സന്ദർശിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കൃഷ്ണവാലി മേള പ്രധാന ആകർഷണമാണ്. 8,000- ലധികം ആളുകളാണ്ക ഴിഞ്ഞ വർഷം പരിപാടിയിൽ പങ്കെടുത്തത്. ഹംഗറി ഗവണ്മെന്റ് പൂർണ പിന്തുണയാണ് ഗ്രാമത്തിന് നൽകുന്നത്. 110 ഏക്കർ സ്ഥലത്തു ആരംഭിച്ച സെറ്റിൽമെന്റ് ഇന്ന് വളർന്ന് 660 ഏക്കർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു.















