ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. മാനസിക സമ്മർദ്ദം കുറയ്‌ക്കാനും ചില ജീവിതശൈലി പ്രശ്നങ്ങൾ അകറ്റാനും ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. എന്നാലിപ്പോഴിതാ ചില പഠനങ്ങൾ പ്രകാരം ചോക്ലേറ്റ് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പറയുന്നത്. പ്രത്യേകിച്ചും ഡാർക്ക് ചോക്ലേറ്റുകൾ. കാരണമെന്തെന്നാൽ ചോക്ലേറ്റിൽ ലെഡും കാഡ്മിയവും അമിതമായ അളവുകളിൽ അടങ്ങിയിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ഭീഷണിയാണെന്നുമാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ഡാർക്ക് ചോക്ലേറ്റ് ബാറുകൾ, മിൽക്ക് ചോക്ലേറ്റ് ബാറുകൾ, കൊക്കോ പൗഡർ, ചോക്ലേറ്റ് ചിപ്സ്, ചൂടുള്ള കൊക്കോ, ബ്രൗണികൾ, ചോക്ലേറ്റ് കേക്ക് എന്നിവയ്‌ക്കുള്ള മിശ്രിതങ്ങൾ ഉൾപ്പെടെ ഏഴ് വിഭാഗങ്ങളിലായി 48 ഉൽപ്പന്നങ്ങൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇതിൽ 16 ഉൽപ്പന്നങ്ങളിൽ ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിന്റെയോ അല്ലെങ്കിൽ രണ്ടെണ്ണത്തിന്റെയോ അംശം ഹാനികരമായ അളവിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം ഡാർക് ചോക്ലേറ്റ് പോഷകങ്ങളുടെ കലവറയാണെന്നാണ് ഭൂരിഭാഗം ആരോഗ്യവിദഗ്ധരും പറയുന്നത്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ നില ആരോഗ്യകരമായി നിലനിർത്താനും ഹൃദ്രോഗ സാധ്യതകൾ കുറയ്‌ക്കാനും ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നും പറയപ്പെടുന്നു.
ഡാർക്ക് ചോക്ലേറ്റ് ബാർ ധാരാളം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ഇപ്പോൾ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലെഡ്, കാഡ്മിയം എന്നിവ അമിതമായ അളവിൽ ശരീരത്തിനുള്ളിൽ എത്തിയാൽ നാഡീവ്യവസ്ഥയ്‌ക്ക് തകരാറുകൾ, രോഗപ്രതിരോധ ശേഷി നഷ്ടപ്പെടൽ, വൃക്കയ്‌ക്ക് തകരാറുകൾ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കാണ് കാരണമാകുന്നത്. പ്രത്യേകിച്ച് ഗർഭിണികളിലും ചെറിയ കുട്ടികളിലും ഇതുമൂലമുള്ള അപകടസാധ്യത കൂടുതലാണ്.
കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തുവിട്ട കൺസ്യൂമർ ഇൻവെസ്റ്റിഗേഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇതിനെക്കുറിച്ച് പഠനങ്ങൾ വീണ്ടും നടത്തിയത്. പരിശോധിച്ച 28-ൽ 23 കറുത്ത ചോക്ലേറ്റ് ബാറുകളിലും അമിതമായ ലെഡ് അല്ലെങ്കിൽ കാഡ്മിയം അടങ്ങിയിട്ടുണ്ടെന്നാണ് അന്നത്തെ റിപ്പോർട്ടുകളിൽ കണ്ടെത്തിയിരുന്നത്. ഇതിൽ ഹെർഷിയുടെ സ്വന്തം ബ്രാൻഡിലും ലില്ലി, ഷാർഫെൻ ബർഗർ ബ്രാൻഡുകളിലും വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നുണ്ടായിരുന്നു. നിരവധി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും കൺസ്യൂമർ റിപ്പോർട്ട് വെബ്സൈറ്റുകളും പ്രസ്തുത കൺസ്യൂമർ റിപ്പോർട്ട് ഇൻവെസ്റ്റിഗേഷൻ അടിസ്ഥാനമാക്കി ഇത് സംബന്ധിച്ച വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു.
കൂടുതൽ കൊക്കോ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് മിൽക് ചോക്ലേറ്റിനേക്കാളും ഡാർക് ചോക്ലേറ്റിൽ ആണ് ഘനലോഹങ്ങളുടെ സാന്നിധ്യം കൂടുതലായി കാണുന്നതെന്ന് ആ റിപ്പോർട്ടിൽ പറയുന്നു. ലെഡും കാഡ്മിയവും ഭൂമിയിൽ കാണപ്പെടുന്ന ലോഹങ്ങളാണ്. എങ്കിലും ഖനനം, നിർമ്മാണം, ഗതാഗതം തുടങ്ങിയ മനുഷ്യന്റെ പ്രവർത്തികളിലൂടെ വായുവിലും മണ്ണിലും വെള്ളത്തിലും ലെഡിന്റെയും കാഡ്മിയത്തിന്റെയും തോത് ഉയർന്നു. അങ്ങനെയാണ് ഈ ലോഹങ്ങൾ ഭക്ഷ്യ ശൃംഖലയിലേക്ക് എത്തിയത്. മണ്ണിലുളള ഈ ലോഹങ്ങൾ വേരുവഴി കൊക്കോ മരങ്ങളിലേക്ക് എത്തുകയും കോക്കോ കുരുക്കളിൽ നിക്ഷിപ്തമാകുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും കൊക്കോ കായ ഉപയോഗിച്ച് നിർമ്മിക്കുന്ന ചോക്ലേറ്റിലും എത്തുന്നുവെന്നാണ് റിപ്പോർട്ട്.
നമുക്ക് വിശ്വസിക്കാവുന്ന ഉറവിടങ്ങളിൽ നിന്നുള്ള കൊക്കോ പൗഡർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡാർക് ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുക, ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കുക, കഴിക്കുന്ന ചോക്ലേറ്റിന്റെ ഗുണനിലവാരത്തെ കുറിച്ച് ബോധ്യമുള്ളവരായിരിക്കുക എന്നതൊക്കെയാണ് ജനങ്ങൾക്ക് എടുക്കാവുന്ന മുൻകരുതലുകൾ. യുഎസിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിർമ്മാതാക്കളിൽ ഒന്നായ ഹെർഷിയോട് തങ്ങളുടെ ഉത്പന്നങ്ങളിലെ ഈ ലോഹങ്ങളുടെ അളവ് കുറയ്‌ക്കാൻ സംഘടന ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിർമ്മാതാക്കൾക്കും പ്രൊസസർമാർക്കും ഉത്തരവാദിത്തമുണ്ടെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അറിയിച്ചിട്ടുണ്ട്.















