തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർ തൊഴിൽ മര്യാദ പാലിക്കണമെന്ന് ധനവകുപ്പ് നിർദ്ദേശം. ബിന്നുകളിൽ മാലിന്യം ഇടക്കലർത്തിയിടരുതെന്നും അങ്ങനെ ഉണ്ടായാൽ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മാലിന്യം വേർതിരിച്ച് നിർദേശിച്ച ബിന്നുകളിൽ നിക്ഷേപിക്കാത്തവർക്കെതിരെ ഖരമാലിന്യ ചട്ടപ്രകാരം (2016) നടപടിയെടുക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. ശാസ്ത്രീയ മാലിന്യ പരിപാലനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്കെല്ലാം വ്യക്തമായ മാർഗനിർദേശം നൽകിയിരുന്നു. എന്നാൽ പലപ്പോഴും ഇത് ലംഘിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. അതിനാലാണ് കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ട് ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
‘ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ തൊഴിൽ മര്യാദ പാലിച്ച് മറ്റുള്ളവർക്ക് മാതൃകയാവണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാർ പ്രബുദ്ധരാണെന്ന ബോധ്യം ഉണ്ടാകണം. തങ്ങളുണ്ടാക്കുന്ന മാലിന്യം മറ്റുള്ളവരെ കൊണ്ട് തരം തിരിപ്പിക്കുന്ന വിവേകശൂന്യമായ രീതി ഒഴിവാക്കേണ്ടതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു’.
പച്ച, നീല, ചുവപ്പ് എന്നിങ്ങനെ മൂന്ന് ബിന്നുകളാണ് സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ആഹാര അവശിഷ്ടങ്ങൾ പച്ച ബിന്നിലും പ്ലാസ്റ്റിക്, പത്രക്കടലാസ്, അലുമിനിയം ഫോയിൽ പേപ്പർ, ചായക്കപ്പുകൾ എന്നിവ നീല ബക്കറ്റിലും, പ്ലാസ്റ്റിക് കുപ്പികൾ, ചില്ലുകൾ എന്നിവ ചുവപ്പ് ബക്കറ്റിലും നിക്ഷേപിക്കണം. എന്നാൽ ജീവനക്കാർ അത് കൃത്യമായി പാലിക്കാറില്ല.















