ന്യൂഡല്‍ഹി: ഭാരതത്തിലെ ഹിന്ദുക്കളുടെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് അയോദ്ധ്യ രാമക്ഷേത്രത്തിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് നടി കങ്കണ റണാവത്ത്. ലോകത്തിന് മുന്നില്‍ സനാതന സംസ്‌കാരത്തിന്റെ അഭിമാന സ്തംഭമായി രാമക്ഷേത്രം മാറുമെന്നും കങ്കണ പറഞ്ഞു.
ക്രൈസ്തവർക്ക് വത്തിക്കാന്‍ എന്ന പോലെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഹിന്ദുക്കളുടെ ഏറ്റവും വലിയ പുണ്യ തീർത്ഥാടന കേന്ദ്രമായി അയോദ്ധ്യ മാറും. നൂറ്റാണ്ടുകളായുള്ള ഹിന്ദുക്കൾ ആഗ്രഹിക്കുന്ന ഒന്നാണിത്. നമ്മുടെ രാജ്യത്തിന്റെ മഹത്തായ പ്രതീകവും സനാതന സംസ്കാരത്തിന്റെ മനോഹരമായ കണ്ണിയുമായി അയോദ്ധ്യ മാറും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാണിച്ച ഇച്ഛാശക്തിയാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ കാരണമായതെന്നും കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടു. അയോദ്ധ്യയിലെ ശ്രീരാമ ജന്മക്ഷേത്രം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. പുതിയ ചിത്രമായ തേജസിന്റെ റിലീസിന് മുന്നോടിയായാണ് ഭഗവാന്റെ അനുഗ്രഹം തേടി ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. “ഞാൻ മഹാവിഷ്ണുവിന്റെ ഒരു ഭക്തയാണ്, മഹാനായ യോദ്ധാവും സന്യാസിയുമായ ശ്രീരാമ ഭഗവാന്റെ ജന്മസ്ഥലം സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ വരാനിരിക്കുന്ന തേജസ് എന്ന സിനിമയിൽ രാമന്റെ ജന്മസ്ഥലത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. അതിനാൽ തന്നെ ഈ പുണ്യ സ്ഥലം സന്ദർശിക്കാൻ തോന്നി. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്”കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.















