തിരുവനന്തപുരം: ക്ഷേത്രത്തിൽ മോഷണം നടത്തിയ മദ്ധ്യവയസ്‌കൻ പിടിയിൽ. വിഴിഞ്ഞം മുക്കോല സ്വദേശി സുഗതൻ (47) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം തെന്നൂർക്കോണം നങ്ങച്ചവിളാകം ക്ഷേത്രത്തിലാണ് ഇയാൾ കവർച്ച നടത്തിയത്. ക്ഷേത്രത്തിൽ നിന്ന് ആറ് നിലവിളക്കും, മൂന്ന് തൂക്ക് വിളക്കും ഇയാൾ മോഷ്ടിച്ചു. കൂടാതെ ക്ഷേത്രത്തിലെ മൂന്ന് കാണിക്ക വഞ്ചികൾ കുത്തിത്തുറന്നും കവർച്ച നടത്തി.
ക്ഷേത്രക്കമ്മിറ്റി നൽകിയ പരാതിയിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ഒരു ചാക്കിൽ കുറേ വസ്തുക്കളുമായി സുഗതൻ ഓട്ടോയിൽ പോകുന്നത് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. സുഗതന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും മോഷണ സാധനങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. മോഷണ മുതലുകൾ ഉച്ചക്കടയിലെ ഒരു ആക്രിക്കടയിൽ വിറ്റതായി പ്രതി മൊഴി നൽകി. തുടർന്ന് വിറ്റ മോഷണ വസ്തുക്കൾ തെളിവെടുപ്പിനിടെ പോലീസ് വീണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ വിനോദ്, ക്രൈം എസ്ഐ ഹർഷകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.















