ലക്‌നൗ: പ്രതിപക്ഷ നേതാക്കളുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ആളുകൾ അവരുടെ മനസിനും ചിന്താഗതിക്കുമനുസരിച്ചാണ് സംസാരിക്കുന്നതെന്നും അയോദ്ധ്യ രാമക്ഷേത്രത്തിൽ രാഷ്ട്രീയം കാണുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ പരാമർശത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാണ പ്രതിഷ്ഠ വിശ്വാസത്തിന്റെയും ഭക്തിയുടെയും വിഷയമാണ്. ദേശീയ ദർശനത്തിന്റെ പ്രാണപ്രതിഷ്ഠയാണ് നടക്കുന്നത്. അതിലേക്കാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ശ്രീരാമജന്മ ഭൂമിയിലെ ഭൂമിപൂജാ ചടങ്ങിനും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. അയോദ്ധ്യ ക്ഷേത്രത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ശ്രീ രാമന്റെ അനുഗ്രഹമുണ്ട്. അതിനാലാണ് അദ്ദേഹം അധികാരത്തിലിരിക്കുന്നത്. രാമനെ നിഷേധിക്കുന്നവർ തെരുവിൽ അലഞ്ഞുതിരിയുകയാണ്.
രാഷ്‌ട്രീയത്തെയും തിരഞ്ഞെടുപ്പിനെയും സംബന്ധിച്ചിടത്തോളം അത് വരും പോകും. പക്ഷേ പ്രധാനമന്ത്രിയ്‌ക്ക് ശ്രീരാമന്റെ അനുഗ്രഹമുണ്ടെന്ന കാര്യം എല്ലാ രാഷ്‌ട്രീയ പാർട്ടികളും മനസ്സിലാക്കണം. സഞ്ജയ് റാവത്തിനെപ്പോലുള്ളവർക്ക് തിരഞ്ഞെടുപ്പും രാഷ്‌ട്രീയവുമല്ലാതെ മറ്റൊന്നുമില്ലെന്നും ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.















