ഡെറാഡൂൺ: വഖഫ് ബോർഡിന് കീഴിലുള്ള എല്ലാം സ്വത്തുക്കളും വിവരാവകാശ നിയമത്തിന്റെ (2005) പരിധിയിൽ ഉൾപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 2,200-ലധികം സ്വത്തുക്കൾ ഉത്തരാഖണ്ഡ് വഖഫ് ബോർഡിന് കീഴിലുണ്ട്. ഇതോടെ മസ്ജിദുകൾ, ദർഗകൾ, മദ്രസകൾ എന്നിവയുടെ വരുമാനവും സ്വത്തുക്കളും സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് കൂടി ലഭ്യമാകും.
1995-ലെ വഖഫ് നിയമമനുസരിച്ച് (2013-ൽ ഭേദഗതി വരുത്തിയത്) ഉത്തരാഖണ്ഡ് വഖഫ് ബോർഡിനാണ് വഖഫ് സ്വത്തുക്കളുടെ മേൽനോട്ടം. എന്നാൽ സുതാര്യമില്ലാതെയാണ് ബോർഡ് പ്രവർത്തിക്കുന്നതെന്ന് നിരന്തരം ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമുണ്ടായിട്ടും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമനമിക്കാൻ വഖഫ് തയ്യാറായിരുന്നില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതൊടെ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സുതാര്യത ഉറപ്പ് വരുത്താൻ സർക്കാരിന് സാധിക്കും.
വഖഫ് ബോർഡിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള എല്ലാ സ്വത്തുക്കളും വിവരാവകാശ നിയമത്തിന് കീഴിലായിരിക്കുമെന്നും സെക്ഷൻ-IV പ്രകാരം ആറ് മാസത്തിനകം മാനുവലുകൾ തയ്യാറാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ യോഗേഷ് ഭട്ട് നിർദ്ദേശിച്ചു. ബന്ധപ്പെട്ട വഖഫ് മാനേജ്‌മെന്റിൽ നിന്നോ ബോർഡിൽ നിന്നോ നേരിട്ട് വിവരങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമം പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷണർ ഉത്തരവിന്റെ പകർപ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനും പൊതുഭരണ വകുപ്പിനും അയച്ചിട്ടുണ്ട്.















