വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ചെത്തിയ ‘ഖുഷി’ ആരാധകർ വളരെയധികം ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ്. തിയേറ്ററിലെത്തിയ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഓരോ ദിവസവും കളക്ഷനിൽ കത്തിക്കയറിയ ഖുഷി ആഗോളതലത്തിൽ നേടിയ ആകെ കളക്ഷന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഖുഷിയുടെ ക്ലോസിംഗ് ബോക്‌സ് ഓഫീസ് കളക്ഷനിൽ 80.25 കോടി രൂപയാണ് ചിത്രം നേടിയത്. വ്യത്യസ്ത കുടുംബ പശ്ചാത്തലത്തിൽ നിന്നും വിവാഹിതരാകുന്ന രണ്ട് പേരുടെ കഥ പറയുന്ന ചിത്രമാണ് ഖുഷി. ഒക്ടോബർ ഒന്നിന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചപ്പോഴും മികച്ച പ്രതികരണമാണുണ്ടായത്. വിജയ് ദേവരകൊണ്ടയ്‌ക്കും സാമന്തയ്‌ക്കും പുറമേ ചിത്രത്തിൽ സച്ചിൻ ഖേദേകർ, ശരണ്യ പൊൻവന്നൻ, ജയറാം, വെന്നെല കിഷോർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് ദേവരകൊണ്ട 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതിച്ചു നൽകിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു. ശിവ നിർവാണയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം സെപ്റ്റംബർ ഒന്നിനാണ് തിയേറ്ററിലെത്തിയത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.















