തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതികൾ ലക്ഷ്യമിട്ടാണ് സർക്കാർ ഓരോ മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ഒരു കാര്യത്തിനും ചിലവഴിയ്‌ക്കാൻ സർക്കാരിന്റെ കൈയ്യിൽ കാശില്ല. സപ്ലൈ കോയിൽ സാധനം ഇല്ല. സാധനം വാങ്ങാൻ പണമില്ല. പാവപ്പെട്ടവരുടെ തൊഴിലുറപ്പ് പദ്ധതി സത്ംഭിച്ചിരിക്കുകയാണ്. അതിന് നീക്കി വെയ്‌ക്കാൻ പോലും സർക്കാരിന്റെ ഖജനാവിൽ പണമില്ല. കേന്ദ്ര വിഹിതം മാത്രമാണുള്ളത്. സംസ്ഥാനത്തിന് ഒരു വിഹിതവുമില്ല. കടുത്ത സാമ്പത്തിക പ്രശ്‌നത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അപ്പോഴാണ് കേരളീയം എന്നൊക്കെ പേരിട്ട് കോടികൾ മുടക്കാൻ പദ്ധതിയിടുന്നത്. കടക്കെണിയുടെ കാലത്ത് സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
വെള്ളക്കരം, കെട്ടിട നികുതി, ഭൂനികുതി എന്നിവയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സർക്കാരിനെതിരെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ബിജെപി ഒരുങ്ങി കഴിഞ്ഞു. ഒരു ലക്ഷം പേരെ അണിനിരത്തി കൊണ്ട് സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായി വിപുലമായ പ്രചാരണങ്ങളും പ്രക്ഷോഭ പരിപാടികൾക്കും നേതൃത്വം നൽകാനാണ് എൻഡിഎ തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.















