എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കലൂർ പിഎംഎൽഎ കോടതിയുടേയാണ് നടപടി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. നാലാം പ്രതിയാണ് ജിൽസ്. ഇരുവർക്കുമെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് ജാമ്യാപേക്ഷയിൽ കോടതി വിധി പറഞ്ഞത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി രാഷ്‌ട്രീയം കളിക്കുകയാണെന്ന് പി.ആർ. അരവിന്ദാക്ഷൻ കോടതിയിൽ ആരോപിച്ചു. ഇഡി കഥ മെനയുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. തന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടിലൂടെ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന് ഇഡി തെറ്റിദ്ധരിപ്പിച്ചുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അരവിന്ദാക്ഷൻ പറഞ്ഞു.
അതേസമയം കേസ് രേഖകൾ കൈമാറണമെന്ന പെരിങ്ങണ്ടൂർ ബാങ്കിന്റെ ആവശ്യത്തിൽ തടസ ഹർജിയും ഇഡി ഇന്ന് ഫയൽ ചെയ്തു. പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ബാങ്ക് സെക്രട്ടറി അന്വേഷണ ഏജൻസിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും സെക്രട്ടറിക്കെതിരെ നടപടി ആവശ്യമാണെന്നും ഇഡി കോടതിയിൽ വാദിച്ചു. എന്നാൽ പെരിങ്ങണ്ടൂർ ബാങ്കിന്റെ പരാതി ഫയലിൽ സ്വീകരിക്കണമോ എന്നതിൽ ഉത്തരവ് പറയുന്നത് നാളെ പരിഗണിക്കും.















