തിരുവനന്തപുരം: അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങൾക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചു മടങ്ങി. ആചാരപൂർവ്വമാണ് നവരാത്രി വിഗ്രഹങ്ങളുടെ തിരിച്ചു മടക്കവും. 29-ന് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ എത്തുന്ന ഘോഷയാത്ര ഉടവാൾ തിരികെ സമർപ്പിക്കുന്നതോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും
ചരിത്രപ്രസിദ്ധമായ നവരാത്രി വിഗ്രഹ ഘോഷയാത്ര ഈ മാസം 12-ന് രാവിലെ പദ്മനാഭപുരത്ത് നിന്നാണ് പുറപ്പെട്ടത്. വിഗ്രഹഘോഷയാത്രയ്‌ക്ക് പ്രൗഢോജ്ജ്വലമായ സ്വീകരണമായിരുന്നു അനന്തപുരി നൽകിയത്. പദ്മനാഭപുരം തേവരക്കെട്ട് സരസ്വതി ദേവീ, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് വിഗ്രഹ ഘോഷയാത്രയിൽ എഴുന്നള്ളിച്ചത്.
എഴുന്നള്ളത്തിനോടനുബന്ധിച്ച് കൊട്ടാരത്തിൽ ഉപ്പിരിക്കൽ മാളികയിൽ ആചാരപ്രകാരം ഉടവാൾ കൈമാറ്റം നടത്തിയിരുന്നു. മഹാരാജാവ് ഘോഷയാത്രയെ അനുഗമിക്കുന്നു എന്നതിന്റെ പ്രതീകമായാണ് ഉടവാൾ വിഗ്രഹ ഘോഷയാത്രയിൽ കൊണ്ടുപോകുന്നത്. ഘോഷയാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ തിരുവിതാംകൂർ രാജകുടുംബം ഉടവാൾ ഏറ്റുവാങ്ങുകയും കോട്ടയ്‌ക്കകത്തെ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന പൂജവെയ്പ്പിൽ ഉടവാൾ പൂജിക്കുകയും ചെയ്തു.















