ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വൻ വിജയത്തിലേക്ക് നയിച്ച 2014-ൽ തന്നെ കാലഹരണപ്പെട്ട ഫോണുകൾ ജനങ്ങൾ വലിച്ചെറിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് സൂചിപ്പിച്ച് കോൺഗ്രസിനെതിരെയാണ് പ്രധാനമന്ത്രിയുടെ പരിഹാസം. താൻ ആദ്യമായി പ്രധാനമന്ത്രിയായ വർഷമാണ് ആളുകൾ ‘കാലഹരണപ്പെട്ട ഫോണുകൾ’ ഉപേക്ഷിക്കാൻ തിരഞ്ഞെടുത്തത്. പ്രവർത്തിക്കാത്ത കാലഹരണപ്പെട്ട ഫോണുകൾ പോലെ, മുൻ സർക്കാരും ‘മരവിച്ച അവസ്ഥ’യിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഒരു റീസ്റ്റാർട്ടിലൂടെയോ, ബാറ്ററി ചാർജ് ചെയ്തതിലൂടെയോ ബാറ്ററി മാറ്റിയതിലൂടെയോ ഫോൺ പ്രവർത്തിക്കണമെന്നില്ലെന്നും നരേന്ദ്രമോദി പരിഹസിച്ചു. 2014-ൽ തന്നെ ജനങ്ങൾ അത്തരം ഫോണുകൾ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ തങ്ങൾക്ക് അവസരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ടെലികോം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘2014 മാറ്റത്തിന്റെ വർഷമായിരുന്നു. അടുത്തിടെ, ഗൂഗിൾ തങ്ങളുടെ പിക്‌സൽ ഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ പ്രഖ്യാപിച്ചു. സാംസങ്ങിന്റെ ഫോൾഡ് 5 മൊബൈൽ ഫോണും ആപ്പിളിന്റെ ഐഫോൺ 15 ഉം ഇന്ത്യയിൽ നിർമ്മിക്കുന്നു. ആഗോള മൊബൈൽ ബ്രോഡ്ബാൻഡ് സ്പീഡ് റാങ്കിംഗിൽ രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 118-ാം റാങ്കിൽ നിന്ന് ഭാരതം ഇപ്പോൾ 43-ാം സ്ഥാനത്തേയ്‌ക്ക് എത്തിയിരിക്കുന്നു.
പൗരന്മാർക്ക് മൂലധന, വിഭവങ്ങളുടെ ലഭ്യത, ഉയർന്ന സാങ്കേതികവിദ്യ എന്നിവ ഉറപ്പാക്കലാണ് ഈ സർക്കാരിന്റെ മുൻഗണന. ഇപ്പോൾ ലോകം ‘മെയ്ഡ് ഇൻ ഇന്ത്യ’ ഫോണുകളാണ് ഉപയോഗിക്കുന്നത്. നമ്മൾ 5 ജി വിപുലീകരിക്കുക മാത്രമല്ല ചെയ്തത്. 6 ജി സാങ്കേതികവിദ്യയുടെ മേഖലയിൽ മുന്നേറാനുള്ള നീക്കവും നടത്തുകയാണ്. 6ജി സ്പേസ് യാഥാർത്ഥ്യമാക്കുന്നതിൽ ഭാരതം ഒരു നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അത് ജനങ്ങളുടെ ഭാവിയെ മാറ്റിമറിക്കും- എന്നും പ്രധാനമന്ത്രി പറഞ്ഞു.