ജയ്പൂർ: രാജസ്ഥാനിലെ ഇഡി റെയ്ഡിൽ പരാമർശം നടത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. അഴിമതിക്കറ കയ്യിലുള്ളവരാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വിമർശിക്കുന്നതെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വ്യക്തമാക്കി. കള്ളപ്പണം സമ്പാദിച്ചവരും അഴിമതിക്കാരും മാത്രം ഇഡിയെയും ആദായനികുതി വകുപ്പിനെയും ഭയന്നാൽ മതിയെന്നും അവർ കൂട്ടിച്ചേർത്തു.
‘കവർച്ചയിൽ ഏർപ്പെട്ടിരിക്കുന്നവർ പോലീസിനെ ഭയപ്പെടണം, ആളുകളെ കൊള്ളയടിച്ച് കള്ളപ്പണം സ്വരൂപിച്ചവർ ‘ഇഡിയെയും ആദായനികുതി വകുപ്പിനെയും ഭയപ്പെടണം. ഞങ്ങളോ ഞങ്ങളുടെ പൂർവ്വികരോ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, കാരണം ഞങ്ങൾ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല. ഇഡിയെയും ആദായനികുതി വകുപ്പിനെയും ഭയക്കുന്നുണ്ടെങ്കിൽ കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്’- എന്ന് മീനാക്ഷി ലേഖി പറഞ്ഞു
തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ രാജസ്ഥാനിൽ ഉൾപ്പടെ ഇഡി നടത്തുന്ന അന്വേഷണവും റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഛത്തീസ്ഗഡിൽ മറുപടി നൽകുകയായിരുന്നു മീനാക്ഷി ലേഖി.















