ലക്നൗ : രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരിക്കുകയും പുതിയ അയോദ്ധ്യ ടൗൺഷിപ്പ് പദ്ധതിയും വേഗത്തിലായതോടെ നിരവധി സംസ്ഥാന സർക്കാരുകൾ അയോദ്ധ്യയിൽ ഭൂമിക്കായി ഉത്തർപ്രദേശ് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിരവധി രാജ്യങ്ങളും യോഗി സർക്കാരിനോട് അയോദ്ധ്യയിൽ ഭൂമി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഉത്തർപ്രദേശ് ഹൗസിംഗ് ബോർഡ് പുതിയ അയോധ്യ ടൗൺഷിപ്പ് പദ്ധതിയിൽ ഗസ്റ്റ് ഹൗസിനായി ഗുജറാത്തിന് 6,000 ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ലക്നൗ-അയോദ്ധ്യ എൻഎച്ച്-27ൽ 1,407 ഏക്കർ സ്ഥലത്താണ് ഹൗസിംഗ് ബോർഡ് ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് 1800 ഏക്കറിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
പുതിയ അയോദ്ധ്യ ടൗൺഷിപ്പ് പദ്ധതിയിൽ 5 ഏക്കർ ഭൂമി വീതമാണ് നേപ്പാൾ, ശ്രീലങ്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത് . രണ്ട് ഘട്ടങ്ങളിലായാണ് പുതിയ ടൗൺഷിപ്പ് നിർമിക്കുക. ആദ്യഘട്ടത്തിൽ 539 ഏക്കർ ഭൂമിയാണ് വേണ്ടത്. നവംബർ 11ന് അയോദ്ധ്യയിൽ നടക്കുന്ന ദീപോത്സവ ചടങ്ങിന് ശേഷം പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും.
മഞ്ജ, മഞ്ജ തിരുയ, മഞ്ജ ബർഹത, ഷാനവാജ്പൂർ തുടങ്ങി നിരവധി ഗ്രാമങ്ങളിൽ പദ്ധതിക്കായി ഭൂമി വാങ്ങിയിട്ടുണ്ടെന്ന് അയോദ്ധ്യ ഭരണകൂടം അറിയിച്ചു. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, അസം, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ഹൗസിംഗ് ബോർഡിന് ലഭിച്ചിട്ടുണ്ടെന്ന് ഹൗസിംഗ് ബോർഡ് അഡീഷണൽ ഹൗസിംഗ് കമ്മീഷണർ നീരജ് ശുക്ല പറഞ്ഞു. അയോദ്ധ്യയിലെ സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ട് അവർക്ക് മറുപടി അയച്ചിട്ടുണ്ടെന്നും നീരജ് ശുക്ല പറഞ്ഞു .
സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ സ്ഥലം സന്ദർശിച്ച് സമ്മതം അറിയിച്ചാൽ മാത്രമേ അവർക്ക് ഭൂമി അനുവദിക്കൂ. അയോദ്ധ്യയിൽ സംസ്ഥാന സർക്കാർ സ്വന്തമായി ഗസ്റ്റ് ഹൗസ് നിർമിക്കുമെന്നും ശുക്ല പറഞ്ഞു. നൂറോളം ആശ്രമങ്ങളും ഭൂമിക്കായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, അയോദ്ധ്യയിൽ ഭൂമിയുടെ ദൗർലഭ്യം കാരണം ഇത്രയധികം മഠങ്ങൾക്ക് ഭൂമി അനുവദിക്കാൻ ഹൗസിങ് ബോർഡിന് സാധിക്കില്ല. അതിനാല് മഠങ്ങൾക്ക് ഭൂമി പതിച്ചുനൽകാൻ ലോട്ടറി സമ്പ്രദായം സ്വീകരിക്കും.
രാമക്ഷേത്രത്തിന് ശേഷം അയോദ്ധ്യയിൽ വരാനിരിക്കുന്ന അടുത്ത ബൃഹത് പദ്ധതിയാണ് പുതിയ ടൗൺഷിപ്പ് പദ്ധതി. അടുത്ത വർഷം ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നതോടെ അയോദ്ധ്യയിലെ ഭക്തരുടെ എണ്ണം പലമടങ്ങ് വർദ്ധിക്കുമെന്നതിനാൽ ക്ഷേത്രനഗരത്തിലെ തിരക്ക് കുറയ്‌ക്കാനാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തത്.