രക്തഗന്ധം വമിക്കുന്ന കിണറിന്റെ വക്കിലേക്ക് തെയ്യനേയും ,കേളപ്പനേയുമൊക്കെ പിടിച്ചു തള്ളിക്കൊണ്ടു വരുമ്പോൾ ഉക്കണ്ടൻ നായരും ചന്ദപ്പനും പ്രതികരിക്കാൻ പോലുമാവാതെ തൊണ്ട വരണ്ട് വിറച്ചു നിൽക്കുകയായിരുന്നു.തെയ്യന്റെ തല വെട്ടി ആ കിണറ്റിൽ തള്ളുന്നതും കേളപ്പന്റെ പിൻകഴുത്തിൽ രണ്ടു തവണ വെട്ടി കിണറ്റിൽ തള്ളിയതിനും അവർ ദൃക്സാക്ഷികളായി.വധ ശിക്ഷ കാണാൻ വിധിക്കപ്പെട്ടവരായിരുന്നു ഉക്കണ്ടൻ നായരും ചന്ദപ്പനും.മരണം വരെ മറക്കാനാവാത്ത ആ ബീഭത്സരംഗം കുന്നമംഗലം സബ് ഇൻസ്പെക്ടർ യു.നാരായണനോട് വിവരിച്ചതും അവരാണ്. മാപ്പിള ലഹളക്കാലത്തു നട ന്ന മറ്റൊരു ക്രൂരതയുടെ ചെറുചിത്രമാണിത്. മതം മാറാമെന്നു പറഞ്ഞതു കൊണ്ട് വാളിനിരയാവാതെ കൂട്ടക്കൊലയ്‌ക്ക് സാക്ഷിയാവാൻ ഉക്കണ്ടൻ നായരും ചന്ദപ്പനും ബാക്കിയായത് കാലം കാത്തു വെച്ച നീതി .
തുവ്വൂർ കിണറിൽ നടന്ന ഹിന്ദു കൂട്ടക്കൊലയാണ് മാപ്പിള ലഹളക്കാലത്തുനടന്ന കൊടും ക്രൂരതയായി തലമുറകളിലൂടെ പകർന്നു നിൽക്കുന്നത്. എന്നാൽ96 ഹിന്ദുക്കളുടെ തല തല വെട്ടിയിട്ട മറ്റൊരു കൂട്ടക്കൊല നാഗാളികാവ് കിണറിൽ നടന്നുവെന്ന വിവരം അത്രയേറെ അറിയപ്പെടാതിരുന്നതാണ്. നാഗാളി കാവ് കിണറ്റിലെ കൂട്ടക്കൊലയെക്കുറിച്ച് എനിക്ക് വിവരം കിട്ടിയത് തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ്. 2018 മെയ് 21നാണ് ഞാനവിടെ ചെന്നത്.
താമരശ്ശേരി താലൂക്കിൽ ഓമശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡു സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്രവും നാഗാളികാവുമുള്ളത്. ടിപ്പുനടത്തിയഹിന്ദുവംശഹത്യയുടേയും അതിനു ശേഷം മാപ്പിള ലഹളക്കാലത്തു നടന്ന ഹിന്ദു വംശഹത്യയുടേയും ദുരിതപർവ്വങ്ങളുടെ ചിതലരിച്ച ചരിത്രങ്ങൾപ്രസ്തുത സംഭവങ്ങളുടെ അടിവേരുതേടിയിറങ്ങിയാൽ ലഭിയ്‌ക്കും.
നാഗാളികാവ് കൂട്ടക്കൊലയിലേക്ക് കടക്കും മുമ്പ് ടിപ്പു നടത്തിയ ക്രൂരതയിലേക്ക് ആദ്യമൊന്നു കണ്ണോടിക്കാം. താമരശ്ശേരി ചുരമിറങ്ങി വന്നടിപ്പുവും സൈന്യവും താമരശ്ശേരി താലൂക്കിൽ വ്യാപകമായ അക്രമം നടത്തി.ഭയചകിതരായ ഹിന്ദുക്കൾ മലമുകളിലും കുന്നുകളിലും കയറി കാടുകളിൽ ഒളിച്ചിരുന്നു. കയ്യിൽ കിട്ടിയ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി മതംമാറ്റിയ ടിപ്പുവിന്റെ സൈന്യം മതം മാറാത്തവരെ വധിച്ചു.
ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിച്ചു .വിഗ്രഹങ്ങൾ തല്ലിയുടച്ച് വലിച്ചെറിഞ്ഞു.പഴയ കാലത്ത് കുലശേഖര രാജവംശത്തിന്റെ ഊരായ്മമയിലുണ്ടായിരുന്ന ചോക്കൂര് ശ്രീരാമസ്വാമി ക്ഷേത്രം, മാനി പുരത്തിനു സമീപമുള്ള പോർങ്ങട്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം, കുലിക്ക പ്രശിവക്ഷേത്രം, കുഴിലക്കാട്ട് ശിവക്ഷേത്രം എന്നിവടിപ്പുവിന്റെ കരവാളിൽമണ്ണടിഞ്ഞു പോയ ക്ഷേത്രങ്ങളാണ്.പിൽക്കാലത്ത് അവയെല്ലാം പുനരുദ്ധാരണം ചെയ്തുതു. മുസ്ലീംങ്ങൾ ഇല്ലാതിരുന്ന താമരശ്ശേരി താലൂക്കിൽ മുസ്ലീംങ്ങൾപ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ടിപ്പുവിന്റെ പടയോട്ടത്തിനും മാപ്പിള ലഹളയ്‌ക്കും ശേഷമാണ്. ഇന്ന് ഇവിടങ്ങളിലുള്ള പഴയ മുസ്ലീം തറവാടുകൾ പഴയ കാലത്ത് ഏറെസ്വാധീനമുണ്ടായിരുന്ന ഹിന്ദു തറവാടുകളായിരുന്നു.
താമരശ്ശേരി താലൂക്കിൽ ഹിന്ദുക്കളുടെ ദുരിതകാലം പിന്നീടുണ്ടായത് ലഹളക്കാലത്താണ്. ഇന്നത്തെ ഓമശ്ശേരി പഞ്ചായത്തു പ്രദേശങ്ങളിലാണ് ലഹളക്കാർ പ്രധാനമായും അക്രമം അഴിച്ചുവിട്ടത്. ഈ പ്രദേശത്തെ മുസ്ലീംങ്ങൾ ലഹളയ്‌ക്ക് കൂട്ടുനിന്നിരുന്നില്ലെന്നും ലഹളയ്‌ക്ക് എതിരായിരുന്നുവെന്നുംപ്രത്യേകം എടുത്തു പറയത്തക്കതാണ്. 1921 ഒക്ടോബർ 31 നാണ്ഓമശ്ശേരി ഭാഗത്തേക്ക് തക്ബീർമുഴക്കി എത്തിയ മൂന്നുറോളം വരുന്നസംഘം ഏറനാട്ടെ അരീക്കോട്ടു നിന്നുംവന്നത്. വീടുകളിൽ കയറി ലഹളക്കാർ കൊള്ളയടിച്ചു. സ്ത്രീകളെ ഉപദ്രവിച്ചു.വീടുകൾ കത്തിച്ചു. ലഹളക്കാരുടെ കണ്ണിൽപെടാതിരിക്കാൻ സർവ്വതും ഉപേക്ഷിച്ച് പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഓടിപ്പോയി. കയ്യിൽ കിട്ടിയ പുരുഷൻമാരുടെ കൈകൾ പിറകിലേക്ക് കൂട്ടിക്കെട്ടി അനങ്ങാൻ പോലുമാവാൻ കഴിയാത്തവിധം ബന്ധനസ്ഥരാക്കി.
പാലക്കൽ തൊടി അവോക്കർ മുസ്ല്യാർ എന്ന അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അക്രമിസംഘമാണ് ഓമശ്ശേരി പ്രദേശങ്ങളിൽ ഭീകരത സൃഷ്ടിച്ചത്. ഇവിടെയുള്ള ഒരു പുരാതന ബ്രാഹ്മണാലയമാണ് പുറങ്കൽ പുതുമന. ലഹളയുമായി ബന്ധപ്പെട്ട രേഖകളിൽ മുതുമന എന്നാണ് കാണുന്നത്. കൊല്ലും കൊലയും നടത്തുന്ന മാപ്പിള ലഹളക്കാർ വരുന്ന വിവരം അറിഞ്ഞ് പുറങ്കൽ പുതുമനയിലുണ്ടായിരുന്നവർ സർവ്വതും ഉപേക്ഷിച്ച് പലായനം ചെയ്തു. മനയിലെത്തിയ ലഹളക്കാർ പ്രസ്തുത മന തങ്ങളുടെ താവളമാക്കി. മനയുടെ ഉള്ളിൽ തെക്കിനിയിലായി വേട്ടയ്‌ക്കൊരു മകന്റെ ചെറിയശ്രീകോവിലും അതിനു മുന്നിൽ കിഴക്കു പടിഞ്ഞാറായി ഒരു തറയുമുണ്ട്. അത് ശ്രീകോവിലിന്റെ ഭാഗമാണ്. അമ്പതോളം പേർക്ക് ഇരിക്കാം. മനയും ശ്രീകോവിലും തറയും ഇന്നുമുണ്ട്. അവോക്കർ മുസ്ല്യാർക്കു പുറമെ എലത്തൂർ കുഞ്ഞിരായൻ മുസ്ല്യാരും സംഘത്തിലെ പ്രധാനിയായിരുന്നു. മേൽപ്പറഞ്ഞ ഭാഗം മാപ്പിളക്കോടതിയാക്കി മാറ്റി. പല ഭാഗങ്ങളിൽ നിന്നായി പിടിച്ചു കെട്ടി കൊണ്ടുവന്ന ഹിന്ദുക്കളെ അവോക്കർ മുസ്ല്യാരുടേയും കുഞ്ഞിരായൻ മുസ്ല്യാരുടേയും മുന്നിൽ ഹാജരാക്കി. ന്യായാധിപരെ പോലെ കസേരയിലാണ് ഇരുവരും ഇരുന്നിരുന്നത്. തങ്ങളുടെ മുമ്പിൽ ഹാജരാക്കുന്നവരോട് ഇസ്ലാം മതം സ്വീകരിക്കാൻ അവോക്കർ മുസ്ല്യാർ ആവശ്യപ്പെടും. മതം മാറാൻ തയ്യാറല്ലെന്നു പറഞ്ഞാൽ അയാളെ വെട്ടിക്കൊല്ലാൻ അവോക്കർ മുസ്ല്യാർ വിധിക്കും. ആ ശിക്ഷാവിധിയെ ശരിവെക്കുന്ന മാപ്പിള ന്യായാധിപനാണ് എലത്തൂർ കുഞ്ഞിരായൻ മുസ്ല്യാർ .തുടർന്ന് വധശിക്ഷ നടപ്പാക്കാൻ പുറങ്കൽ പുതുമനയിൽ നിന്നും 200 മീറ്റർ വടക്കുഭാഗത്തുള്ള നാഗാളികാവിൽ എത്തിക്കും. കാവു സ്ഥിതി ചെയ്യുന്ന പറമ്പിൽ ഒരു കിണറുണ്ട്. അവിടെ വച്ചാണ് ഇസ്ലാമിക ശിക്ഷാരീതി പ്രകാരംഗളച്ഛേദം
നടത്തുക. എന്നിട്ട് കിണറ്റിലേക്ക് മറിച്ചിടും. വീരും പള്ളി അത്തുട്ടിയായിരുന്നു ആരാച്ചാർ.
നാഗാളികാവ് കിണർ നിന്നിരുന്ന സ്ഥാനത്ത് നൂറാം വാർഷിക ദിനത്തിൽ തിരൂർ ദിനേശ് പുഷ്പാർച്ചന നടത്തുന്നു.
തുടക്കത്തിൽ സൂചിപ്പിച്ച ഉക്കണ്ടൻ നായരേയും ചന്ദപ്പനേയും ഇതേ പ്രകാരംപിടിച്ചുകെട്ടി കൊണ്ടുവന്നതാണ്. മതം മാറാം എന്നു പറഞ്ഞപ്പോൾ അവരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കി.എന്നാൽ മറ്റുള്ളവരെ വധിക്കുന്നത് കാണാൻ ഇവരോട് കൽപ്പിക്കുകയും ചെയ്തു.
മതം മാറാൻ വിസമ്മതിച്ചതിന് തെയ്യൻ, ഉണിച്ചൻ, കണാരൻ, കുട്ടീശ്ശൻ, പി. കേളപ്പൻ എന്നിവരെ പട്ടാപ്പകൽപരസ്യമായി വെട്ടുന്നതിന് ഇവർ ദൃക്സാക്ഷികളായത് അങ്ങനെയാണ്. പുത്തൂരിലെ പുതുക്കോട്ടെ ചാത്തുണ്ണി നായരും മതം മാറാൻ സമ്മതിച്ചു കൊണ്ട് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. നാഗാളികാവ് കിണറ്റിൽ ഏഴു പേരുടെ തല വെട്ടി കിണറ്റിൽ തള്ളിയതിന് ദൃക്സാക്ഷി കൂടിയാണ് ചാത്തുണ്ണി നായർ.
ഹിന്ദുവായി ജനിച്ച് ഹിന്ദുവായിത്തന്നെ മരിക്കുമെന്നും മതം മാറില്ലെന്നുംപറയാൻ കാണിച്ച കൊല്ലപ്പെട്ടവരുടെ ഹിന്ദു ധർമ്മബോധം മഹത്തരമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ ഈ ഹിന്ദുക്കൾ ജീവൻ ബലിയർപ്പിച്ചത് ഹിന്ദു സമാജത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ തന്നെയാണെന്ന ബോധം ഹിന്ദുക്കൾക്കുണ്ടാകേണ്ടിയിരിക്കുന്നു.
തല വെട്ടി കിണറ്റിൽ തള്ളിയിട്ടും പുനർജന്മം കിട്ടിയ ഭാഗ്യവാനാണ് ഓമശ്ശേരിയിലെ പി. കേളപ്പൻ. മതം മാറാൻ തയ്യാറില്ലെന്ന് അവോക്കർ മുസ്ല്യാരുടെ മുഖത്തു നോക്കി കേളപ്പൻ നെഞ്ചു വിരിച്ചു പറഞ്ഞു. വെട്ടിക്കൊല്ലാൻ വിധിച്ച ശേഷം മാപ്പിളമാരോടൊപ്പം നടന്നു നീങ്ങി നാഗാളികാവ് കിണറ്റിനടുത്ത് എത്തിയത് ആത്മാഭിമാനത്തോടെ മരിക്കാനാണ് .വീരും പള്ളി അത്തുട്ടിയാണ് കേളപ്പനെ വെട്ടിയത്. കഴുത്തിന് രണ്ടു വെട്ടുകൊടുത്ത് കിണറ്റിലേക്ക് മറിച്ചിടുകയായിരുന്നു. ചെന്നു വീണത് നിരവധി തലകൾക്കും തലയില്ലാത്ത ഉടലുകൾക്കും മീതെ. ഈ സമയത്തു പെയ്ത ചാറ്റൽ മഴ കിണറിനകത്തും വീണു. കിണറ്റിലെ വെള്ളത്തിന് രക്തവർണ്ണം. പാതി ജീവനിൽ പിടയുന്നവരും അതിലുണ്ടായിരുന്നു. അവരെല്ലാവരും ഇസ്ലാം മതം സ്വീകരിക്കില്ലെന്നു പറഞ്ഞതിന്റെ പേരിൽ വാളി നിരയായവർ.
രണ്ടു വെട്ട് ഏറ്റെങ്കിലും കേളപ്പന്റെ തല അറ്റുപോയിരുന്നില്ല. രക്തത്തിൽ കുളിച്ച അദ്ദേഹം മരണക്കിണറ്റൽ നിന്നും രക്ഷപ്പെടാൻ കിണറ്റിലെ കൈവരികൾ പിടിച്ച് മെല്ലെ കയറുമ്പോൾ വെട്ടേറ്റ് പാതി ജീവനായ ഒരു വൃദ്ധൻ കേളപ്പന്റെ കാലു പിടിച്ച് തന്നേയും രക്ഷിക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ കേളപ്പന് അതിന് അസാദ്ധ്യമായിരുന്നു. കിണറിലേക്ക് തൂങ്ങി നിന്ന ഒരു വള്ളിയും കൈവരിയും പിടിച്ച് ഒരു വിധം മുകളിലെത്തി.മഴ പെയ്തിരുന്നതിനാൽ ആരാച്ചാർ കുഞ്ഞിരായൻ ഒരു മരത്തിന്റെ ചുവട്ടിലേക്ക് മാറി നിൽക്കുകയാണ്. ഈ തക്കത്തിൽ കേളപ്പൻ പുറത്തേക്ക് ചാടി. അവിടെ നിന്നാൽ പച്ചക്ക് വെട്ടിനുറുക്കുമെന്നു മനസ്സിലായ കേളപ്പൻ ഓടി. മാനിപുരം പുഴയിൽ ചാടി മറുകരയിലേക്ക് തുഴഞ്ഞു.നടമ്മൽ കടവിലാണ് നീന്തിയെത്തിയത്. അവിടെ നിന്നും കുന്നമംഗലം പോലീസ് സ്റ്റേഷനിലെത്തി നാഗാളികാവ് കിണറ്റിലെ കൂട്ടക്കുരുതിയുടെ വിവരം പറഞ്ഞു.തുടർന്ന് പോലീസും പട്ടാളവുമെത്തി അക്രമികളെ നേരിട്ടു.പോലീസാണ് കേളപ്പനെആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തെ ചികിത്സയിൽ കഴുത്തിൽ വെട്ടേറ്റ മുറിവ് ദേദമായി.
പോലീസ് റിപ്പോർട്ടു പ്രകാരം 1921 നവംബർഒന്നിന് കേളപ്പൻ തലയ്‌ക്ക് വെട്ടേറ്റ് കുന്നമംഗലത്തേക്ക് നടന്നു വരുമ്പോൾ താമരശ്ശേരി സബ് ഇൻസ്പെക്ടർ കണ്ടുവെന്നും തുടർന്ന് അപ്പോൾ തന്നെ വിവരം ശേഖരിച്ച് കേളപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ്. കേളപ്പന്റെ മൊഴി അന്നും 1921 ഡിസംബർ 10 നും രേഖപ്പെടുത്തി. ഇതാണ് കോഴിക്കോട് സ്പെഷൽ കോടതിയുടെ 32 എ / 1922നമ്പർ കേസിൽ പ്രോസിക്യൂഷന്റെ പ്രധാന രേഖ. തെയ്യൻ, ഉണിച്ചൻ, കണാരൻ, കുട്ടീശ്ശൻ എന്നിവരെ വെട്ടിക്കൊന്ന് കിണറ്റിലെറിഞ്ഞ സംഭവത്തിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി അവോക്കർ മുസ്ല്യാരും രണ്ടാം പ്രതി എലത്തൂർ കുഞ്ഞിരായൻ മുസ്ല്യാരും മൂന്നാം പ്രതി വീരും പള്ളി അത്തുട്ടിയുമാണ്. കേസിൽ പ്രതികൾക്കു വേണ്ടി അഡ്വ: മുഹമ്മത് ഉസ്മാനാണ് ഹാജരായത്. 32 എ / 1922 നമ്പർ കേസാണിത്. പ്രോസിക്യൂഷൻ സാക്ഷികളായി എം.ദത്താരിയ, പി.കേളപ്പൻ, എം.ചന്ദപ്പൻ, പി.ഉപ്പേരൻ, കുന്നമംഗലം എസ്.ഐ. യു. നാരായണൻ എന്നിവരെ വിസ്തരിച്ചു. കേളപ്പൻ വിരോധം വെച്ച് കളവു പറയുകയാണെന്നായിരുന്നു അവോക്കർ മുസ്ല്യാരുടെ വാദം.ആരാച്ചാരായ വീരും പള്ളി അത്തുട്ടിയാകട്ടെ താൻ സംഭവസ്ഥലത്തു ണ്ടായിരുന്നില്ലെന്നും അഞ്ചു കിലോമീറ്റർ അകലെ ജോലിയിലായിരുന്നുവെന്നും വാദിച്ചു. പ്രതികളുടെ ഭാഗം എം.കോയ, ടി.കോയമ്മദ്, എം.ചേക്കുട്ടി എന്നിവരെ സാക്ഷികളായി വിസ്തരിച്ചു. കുറ്റം സംശയാതീതമായി തെളിഞ്ഞതിനെത്തുടർന്ന് 29-7-1922 ന്സീനിയർ
സ്പെഷൽ ജഡ്ജി ജി.എച്ച്.ബി. ജാക്സൺ വധശിക്ഷ വിധിച്ചു.
നാഗാളികാവ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അരീക്കോട് ഭാഗത്തു നിന്നും മുവ്വായിരത്തോളം ലഹളക്കാർ വന്നു വെന്നാണ് നാട്ടറിവ് .98 ഹിന്ദുക്കളെ നാഗാളികാവ് കിണറ്റിൽ തല വെട്ടിക്കൊന്നുവെന്നും പഴമക്കാർ പറഞ്ഞു.സർക്കാർരേഖ പ്രകാരം അക്രമകാരികൾ 30 പേരും കൊല്ലപ്പെട്ടവർ 60 പേരുമാണ്. നാഗാളികാവ് കിണറ്റിൽ മാത്രമല്ല ഹിന്ദുക്കളുടെ തല വെട്ടിയതെന്ന് ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തീർത്ഥക്കിണറിൽ നിന്നും 1985 കാലഘട്ടത്തിൽ കിട്ടിയ തലയോട്ടികൾ വ്യക്തമാക്കുന്നു.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്രം നൂറ്റാണ്ടുകളോളം കാട് മൂടിക്കിടന്നു. ആ കാട്ടിലേക്ക് തിരിഞ്ഞുനോക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. 1981-85 കാലയളവിലാണ് ക്ഷേത്ര പുനരുദ്ധാരണ ചിന്തയുണ്ടായത്.ശ്രീ
രാമക്ഷേത്രത്തിലെ തീർത്ഥക്കിണർ കാട് നിറഞ്ഞു കിടക്കുകയായിരുന്നു.കിണർ വൃത്തിയാക്കുമ്പോഴാണ് തലയോട്ടികൾ കണ്ടെത്തിയത് ഇരുപതിലേറെ തലയോട്ടികളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പുറങ്കൽ പുതുമനയിലെ സുബ്രഹ്മണ്യൻ നമ്പൂതിരി ഏഴ് തലയോട്ടികൾ എണ്ണി. അവോക്കർ മുസ്ല്യാർ വധശിക്ഷയ്‌ക്ക് വിധിച്ച ഹിന്ദുക്കളെ മനയുടെ സമീപത്തു തന്നെയുള്ള ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തീർത്ഥക്കിണറ്റിലും തലവെട്ടിയിട്ടു എന്നത് രേഖപ്പെടുത്താത്ത ചരിത്രമാണ്.
പുറങ്കൽ പുതുമനയും മനയുടെ തെക്കിണിയിലുള്ള വേട്ടയ്‌ക്കൊരു മകൻ ശ്രീകോവിലും അവോക്കർ മുസ്ല്യാർ കോടതിയാക്കിയ തറയുമൊക്കെ എനിയ്‌ക്ക് കാണാൻ സാധിച്ചു.മനയിൽ നിന്നും വടക്കു ഭാഗത്തെ നാഗാളികാവ് ഭൂമിയും കണ്ടു. അവിടെ ഇപ്പോൾ കാവും മരണക്കിണറും ഒന്നുമില്ല. കിണർ മണ്ണിട്ട് മൂടിയിരിക്കുന്നു. നാഗാളി കാവ് ഭൂമിയിൽ ആളുകൾ വീടുവെച്ച് താമസിക്കുകയാണ്.
തിരൂർ ദിനേശ്















