മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ കർമ്മത്തിന് കാത്തിരിക്കുകയാണ് നടൻ അനുപം ഖേർ. “രാം ലല്ല മന്ദിർ ഉദ്ഘാടനം ചെയ്യുന്ന ചരിത്രപരമായ ദിവസത്തിനാണ് കാത്തിരിക്കുന്നത്. വർഷങ്ങളായി ഹിന്ദുക്കൾ ഇതിനായി ഭരണഘടനാപരമായി പോരാടുകയാണ്, അത് സഫലമായി. ഞങ്ങളുടെ ചിന്തകളുടെ ആവിഷ്കാരമാണ് രാമമന്ദിരമെന്ന് അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു. സിനിമാ മേഖലയിൽ നിന്ന് ആദ്യമായി അവിടെ പ്രാർത്ഥന നടത്തിയ വ്യക്തി ഞാനായിരിക്കും… എന്നെ ക്ഷണിച്ചാലും ഇല്ലെങ്കിലും ഞാൻ തീർച്ചയായും ശ്രീരാമ ക്ഷേത്രത്തിലെത്തുമെന്നും അനുപം ഖേർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അനുപം ഖേറിനെ പോലെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കർമ്മത്തിന് കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും. അടുത്ത വർഷം ജനുവരി 22-നാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സർസംഘചാലക് മോഹൻ ഭഗവത് തുടങ്ങി നിരവധി പ്രമുഖർ അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും.
ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രാം ലല്ലയുടെ വിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിലായിരിക്കും പ്രതിഷ്ഠിക്കുക. 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.















