ന്യൂഡൽഹി: ആദികാവ്യമെഴുതിയ മഹാകവി മഹർഷി വാൽമീകി ജയന്തി ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക സമത്വം ഉൾക്കൊണ്ട അദ്ദേഹത്തിന്റെ ചിന്തകൾ ഭാരതത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് അദ്ദേഹം സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.
‘ഭരതത്തിലെ ജനങ്ങൾക്ക് എന്റെ വാൽമീകി ജയന്തി ആശംസകൾ. സാമൂഹിക സമത്വം ഉൾക്കൊണ്ട അദ്ദേഹത്തിന്റെ വിലയേറിയ ചിന്തകൾ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ എക്കാലവും അമൂല്യ പൈതൃകമായി നിലനിൽക്കും’ . എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
‘ രാമായണം രചിച്ചതിലൂടെ മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ ജീവിതം ജനഹൃദയങ്ങളിൽ എക്കാലവും നിലനിർത്താനുള്ള മഹത്തായ പ്രവർത്തനമാണ് മഹാകവി വാല്മീകി മഹർഷി നടത്തിയത്. ഭഗവാൻ ശ്രീരാമന്റെ ആശയങ്ങളിൽ പ്രചോദിതരായ ഒരു സമൂഹത്തിന്റെ ആദ്ധ്യാത്മീകപാതയെ ഈ കാലാതിവർത്തിയായ കൃതി എടുത്ത് കാണിക്കുന്നു.’ പ്രധാനമന്ത്രി കൂട്ടിച്ചെർത്തു.
ശ്രീരാമന്റെ ജീവിതം ജനഹൃദയങ്ങളിൽ എക്കാലവും സജീവമാക്കിയത് മഹർഷി വാൽമീകിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹം വാൽമീകി ജയന്തി ആശംസകൾ അറിയിച്ചത്.