ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിൽ നിന്നും വൻ കൊഴിഞ്ഞുപോക്ക്. മുൻ എംഎൽഎമാരായ ചന്ദ്രശേഖർ വൈദ്, നന്ദലാൽ പൂനിയ, മുൻ ജയ്പൂർ മേയർ ജ്യോതി ഖണ്ഡേൽവാൾ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മണ്ഡാവയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹരി സിംഗ് ചരൺ, കോൺഗ്രസ് നേതാവ് സൻവർമൽ മെഹാരിയ, മുൻ ഐപിഎസ് ഓഫീസർമാരായ കേസർ സിംഗ് ഷെഖാവത്ത്, ഭീം സിംഗ് എന്നിവരും ബിജെപിയിൽ ചേർന്നു.
ബിജെപിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും വിശ്വാസം വർദ്ധിച്ചുവെന്നും മോദിജിയിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജസ്ഥാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിപി ജോഷി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് നൽകുന്ന ഉറപ്പുകളിൽ ജനങ്ങൾ വിശ്വസിക്കുന്നത് അവസാനിപ്പിച്ചു.
സമ്പൂർണ കാർഷിക കടം എഴുതിത്തള്ളൽ, തൊഴിലില്ലായ്മ അലവൻസ്, സ്ത്രീ സുരക്ഷ, വികസനം, വിലക്കയറ്റം നിയന്ത്രിക്കൽ എന്നിവയുൾപ്പെടെയുള്ള കോൺഗ്രസിന്റെ വാഗ്ദാനങ്ങൾക്ക് എന്ത് സംഭവിച്ചു എന്നത് ജനങ്ങൾ മനസ്സിലാക്കിയതാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെക്കുറിച്ചുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവന തെറ്റായി പോയി എന്നും ഉദ്യോഗസ്ഥരെ അപമാനിക്കുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും സിപി ജോഷി പറഞ്ഞു.















