സുരേഷ് ഗോപിയെ വേട്ടയാടാൻ വിട്ടു തരില്ലെന്ന ഉറച്ച തീരുമാനവുമായി കേരളത്തിലെ മിമിക്രി കലാകാരന്മാർ. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ തരത്തിൽ അശ്ലീല പ്രചരണങ്ങളാണ് ഇടത് നേതാക്കളും അണികളും നടത്തുന്നത്. ഇത്തരത്തിൽ സുരേഷ് ഗോപിക്കെതിരെ കൂട്ടം ചേർന്നുള്ള ആക്രമണങ്ങളെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് മിമിക്രി കലാകാരന്മാരുടെ സംഘടനയായ “മാ”.
“മതത്തിന്റെ പേരിലല്ല, രാഷ്‌ട്രീയത്തിന്റെ പേരിലല്ല, മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ ഞങ്ങളുടെ മാ സംഘടന സുരേഷ് ഗോപിക്കൊപ്പം” എന്ന് എഴുതിയിരിക്കുന്ന പോസ്റ്റർ പുറത്തിറക്കി കൊണ്ടാണ് മിമിക്രി കലാകാരന്മാർ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ടിനി ടോം, നാദിർഷാ, രമേശ് പിഷാരടി, ഷാജോൺ തുടങ്ങി എല്ലാ താരങ്ങളും സുരേഷ് ഗോപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.















