എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരി (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.
രംഗ ഹരിജി അഥവാ ഹരിയേട്ടൻ രാജ്യത്തെ ഏറ്റവും മുതിർന്ന ആർഎസ്എസ് പ്രചാരകരിൽ ഒരാളും ചിന്തകനുമായിരുന്നു. 1930ലെ വൃശ്ചിക മാസത്തിലെ രോഹിണി നാളിൽ എറണാകുളത്തായിരുന്നു ജനനം. കോളേജ് കാലഘത്തിൽ തന്നെ ആർഎസ്എസിന്റെ ഭാഗമായി മാറിയ ആർ. ഹരി ശേഷം മുഴുവൻ സമയ പ്രവർത്തകനായി. തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, എറണാകുളം നഗരങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ കേരളത്തിൽ കെ. ഭാസ്‌കർ റാവു, പി. മാധവ്ജി എന്നിവർക്കൊപ്പം ആർഎസ്എസിന്റെ രഹസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തരാവസ്ഥയ്‌ക്കെതിരെ ആർഎസ്എസ് പ്രചരിപ്പിച്ചിരുന്ന രഹസ്യ ലേഖനങ്ങളായ കുരുക്ഷേത്രയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം.
1980ൽ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെട്ടു. 1981ൽ സഹപ്രാന്ത പ്രചാരക് ആയി. 1983ൽ പ്രാന്ത പ്രചാരക് ആയി നിയമിക്കപ്പെട്ട ആർ.ഹരി 1994 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. അതോടൊപ്പം തന്നെ 1990ൽ അദ്ദേഹം അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ് ആയി നിയമിതനായി. 1991ൽ അദ്ദേഹം ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെട്ടു. 2005 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 1994 മുതൽ 2005 വരെ ഏഷ്യയിലെയും ആസ്‌ട്രേലിയയിലെയും ഹിന്ദു സ്വയംസേവക് സംഘത്തിന്റെ പ്രഭാരിയായിരുന്നു. ഈ ചുമതലയോട് ബന്ധപ്പെട്ട് അദ്ദേഹം അഞ്ചു ഭൂഖണ്ഡങ്ങളിൽ പെട്ട 22 രാജ്യങ്ങളിൽ യാത്ര ചെയ്തു. ലിത്വാനിയയിൽ 2001ൽ നടന്ന ക്രിസ്തുപൂര്വ്വ മതങ്ങളുടെ സമ്മേളനത്തിൽ ആർ.ഹരി പങ്കെടുത്തു. വളരെ കാലം ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനായും പ്രവർത്തിച്ചു.
മലയാളത്തിൽ 43 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹിന്ദിയിൽ 12 ഉം ഇംഗ്ലീഷിൽ രണ്ടും പുസ്തകങ്ങൾ രചിച്ചു. സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്.