എറണാകുളം: യഹോവ സാക്ഷികളുടെ പ്രാർത്ഥന യോഗത്തിനിടെ സഫോടനത്തിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവ സ്ഥലത്ത് എൻഐഎയും ഭീകര വിരുദ്ധസേനയും പരിശോധന നടത്തുകയാണ്. ഭീകരാക്രമണ സാദ്ധ്യതകളെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. സംഭവം ഗുരുതരമായി തന്നെ കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
2500ൽ അധികം പേരാണ് ഹാളിൽ ഉണ്ടായിരുന്നത്. പ്രാർത്ഥന ആരംഭിച്ചയുടൻ ഹാളിന് നടുവിൽ ഉഗ്രശബ്ദത്തിൽ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. മൂന്ന് നാല് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പ്രാർത്ഥന യോഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്.
പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കൺവെൻഷൻ സെന്ററിലെത്തിയിട്ടുള്ളത്. നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.















