പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങൾക്ക് മുൻ വർഷങ്ങളിലേതിൽ നിന്നും വില വർദ്ധിച്ചേക്കും. ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങൾക്ക് മുൻ വർഷങ്ങളെക്കാൾ വില വർദ്ധിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്.
ചില സാധനങ്ങൾക്ക് വിലവർദ്ധിപ്പിക്കണമെന്ന് ഹോട്ടൽ-റസ്റ്റൊറന്റ് സംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെ തീരുമാനമാകും. നേരിയ വില വിലവർദ്ധനവ് മാത്രമാണെന്നും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
അതേസമയം ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും ശബരിമല തീർത്ഥാടകർക്കുള്ള ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് അഞ്ച് ഭാഷകളിൽ പ്രസിദ്ധീകരിക്കും. പരാതികൾ അറിയിക്കാൻ ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പരും ഇതോടൊപ്പം ഉണ്ടാകും. വിവിധ വകുപ്പുകൾ തുടർച്ചയായി പരിശോധനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.















