തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ അപലപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വിദഗ്ധ ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് അടിയന്തരമായി നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എൻഐഎയും എൻഎസ്ജിയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്’.
ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഭീകരവാദ പ്രവർത്തനങ്ങൾ ആരാണ് സൃഷ്ടിക്കുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണം. തുടർ നടപടികളുടെ ഭാഗമായി ആവശ്യമായ എല്ലാ അന്വേഷണങ്ങളും കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു.















