ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിനായി ആകാംക്ഷ പൂർവ്വം കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും. 2024 ജനുവരി 22-നാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്രിന്റെ നേതൃത്വത്തിൽ നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ട്രസ്റ്റിന്റെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കലാകാരന്മാർ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയ അകത്തളങ്ങളുടെയും തൂണുകളുടെയും ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ്, രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളുടെ വീഡിയോയും എക്‌സിൽ ട്രസ്റ്റ് പങ്കുവെച്ചിരുന്നു “500 വർഷത്തെ പോരാട്ടത്തിന്റെ പരിസമാപ്തി” എന്ന അടിക്കുറിപ്പോടെയുള്ള 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മഹത്തായ ക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരുന്നത്.

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള കല്ലുകളാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സോമനാഥ ക്ഷേത്രം രൂപകല്പന ചെയ്ത പ്രഭാകർജി സോംപുരയുടെ കൊച്ചുമകൻ ചന്ദ്രകാന്ത് ഭായ് സോംപുരയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ അടിസ്ഥാന രൂപകല്പന.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുണ്ട്. ശ്രീകോവിലിൽ പ്രധാന മൂർത്തിയായ രാമലല്ലയെ (ബാലനായ ശ്രീരാമൻ) ജനുവരി 22ന് പ്രതിഷ്‌ഠിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. അയ്യായിരത്തോളം സന്യാസിമാരും മഹാത്മാക്കളും അഭിഷേക സമയത്ത് സന്നിഹിതരാകും. പ്രാണ പ്രതിഷ്ഠയ്‌ക്കുള്ള ക്ഷണക്കത്ത് രാജ്യത്തെ 5 ലക്ഷം ഗ്രാമങ്ങളിലേക്ക് അയ്‌ക്കുമെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു .
500 वर्षों के संघर्ष की परिणति pic.twitter.com/z5OTXivUFL
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) October 26, 2023















