എറണാകുളം: കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. പ്രതി ഡൊമനിക്ക് മാർട്ടിനെ എൻ.ഐ.എ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. വിജയ് സാക്കറെ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ കേന്ദ്ര നിർദ്ദേശിച്ചിരുന്നു. എൻഎസ്ജി സംഘത്തോടും അന്വേഷണം നടത്താൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ അന്വേഷണം ആരംഭിച്ചത്.
തമ്മനം സ്വദേശി ഡൊമിനിക്ക് മാർട്ടിനാണ് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം ഇയാൾ കൊടകര പോലീസ് സ്‌റ്റേഷനിൽ ഹാജരാകുകയായിരുന്നു. യഹോവാ സക്ഷി സഭയുടെ പ്രവർത്തനങ്ങളിലുള്ള എതിർപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
കളമശ്ശേരിയിലെ യഹോവാ സാക്ഷികളുടെ കൺവെൻഷനിടെ രാവിലെ 9.30 ഓടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ആസൂത്രിതമായ ആക്രമണമായിരുന്നു നടന്നത്. സ്‌ഫോടനം നടന്ന ഹാളിൽ 2500ൽ അധികം പേരാണ് ഉണ്ടായിരുന്നത്. ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. നിലവിൽ മരണം രണ്ടായി.















