ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയവരുടെ എണ്ണം 239 ആയി ഉയർന്നുവെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗാസ മുനമ്പിൽ താമസിക്കുന്ന പാലസ്തീൻ ജനത അടിയന്തരമായി സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്നും സൈന്യം ആവശ്യപ്പെട്ടു. ഗാസ മുനമ്പിലും നഗരത്തിലും താമസിക്കുന്നവർ രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് മാറണമെന്ന് തങ്ങൾ കഴിഞ്ഞ രണ്ട് ആഴ്ചയായി ആഹ്വാനം ചെയ്യുന്നുണ്ടെന്നും, സാധാരണക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നീക്കമെന്നും ഇസ്രായേൽ സൈന്യത്തിന്റെ മുഖ്യ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
ഇപ്പോൾ നൽകുന്ന ഈ മുന്നറിയിപ്പ്, ഇനിയും പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാത്തവർക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വരും മണിക്കൂറുകളിൽ ഹമാസ് ഭീകരർക്കെതിരായ ആക്രമണം കടുപ്പിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. അതേസമയം അതിർത്തിമേഖലയിൽ ഉടനീളം കരസേനയുടെ സാന്നിദ്ധ്യം ഇസ്രായേൽ ശക്തമാക്കിയതിന് പിന്നാലെ തങ്ങളുടെ പോരാളികളും ശക്തമായി പോരാടുമെന്ന് ഹമാസ് പ്രസ്താവനയിറിക്കി.
ഗാസയുടെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക ആയുധങ്ങളുടെ സഹായത്തോടെ ഇസ്രായേൽ സേനയുമായി തങ്ങളുടെ പോരാളികൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഹമാസ് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേലിന്റെ രണ്ട് യുദ്ധ ടാങ്കറുകൾ നശിപ്പിച്ചതായി ഹമാസ് അവകാശപ്പെടുന്നുണ്ടെങ്കിലും സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെ ഗാസയിൽ സൈനികരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയതായാണ് സൈന്യം അറിയിച്ചിരിക്കുന്നത്.