തിരുവനന്തപുരം: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. ഇതിനായി പാർട്ടി പ്രതിനിധികളേയും യോഗത്തിനായി ക്ഷണിച്ചിട്ടുണ്ട്.
വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും. സമൂഹമാദ്ധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും യോഗം ചർച്ച ചെയ്യും. പിന്നാലെ സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. നിലവിൽ കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയിലടക്കം സർക്കാരിന് വിമര്‍ശനം ഉയരുന്നുണ്ട്. എന്നാൽ ഇപ്പോഴും സര്‍ക്കാരിന്റെ പല നിലപാടിലും പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാണ്. ഇതേതുടർന്ന് കേന്ദ്രത്തിൽ നിന്നുവരെ സർക്കാരിനും പ്രതിപക്ഷത്തിനും വിമർശനം ഉയരുന്നുണ്ട്.
അതേസമയം കളമശ്ശേരി സ്ഫോടന കേസിൽ പിടികൂടിയ ഡൊമിനിക് മാർട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷമാകും മാർട്ടിന്റെ അറസ്റ്റ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കളമശ്ശേരി എ.ആർ. ക്യാംപിൽ വെച്ചാണ് ഡൊമിനിക് മാർട്ടിന്‍റെ ചോദ്യം ചെയ്യൽ നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന പോലീസ്, എൻഐഎ, എഎസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിൽ സന്ദർശനം നടത്തും.















