കാർത്തി നായകനാവുന്ന പുതിയ ചിത്രം ജപ്പാന്റെ ട്രെയിലർ റിലീസ് ചെയ്തു. കാർത്തി ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ട്രെയിലർ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്. കാർത്തിയുടെ 25-ാമത്തെ ചിത്രമായ ജപ്പാൻ ദീപാവലി റിലീസായാണ് എത്തുക.
ജപ്പാൻ എന്ന കൊടും കള്ളനായി കാർത്തി എത്തുന്നു എന്നാണ് ട്രെയിലറിലുടെ വ്യക്തമാകുന്നത്. വേറിട്ട ലുക്കിലാണ് കാർത്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല സിനിമയുടെ ട്രെയിലറിൽ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്നാൽ ‘ആരാണ് ജപ്പാൻ’ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചാണ് ട്രെയിലർ എത്തിയിരിക്കുന്നത്.
ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. കോമഡിക്കും ത്രില്ലറിനും ഒരേ പോലെ പ്രാധാന്യം നൽകുന്നതാണ് ചിത്രമെന്നാണ് വ്യക്തമാകുന്നത്. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ജപ്പാൻ വലിയ ബജറ്റിലാണ് അണിയിച്ചൊരുക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളിയായ അനു ഇമ്മാനുവലാണ് നായികയാവുന്നത്. തെലുങ്ക് നടൻ സുനില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം ജിവി പ്രകാശ് കുമാറാണ്. പൊന്നിയൻ സെൽവൻ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹകൻ രവി വർമനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകൻ.