ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഭീകരനെ വകവരുത്തിയതായി പോലീസ് അറിയിച്ചു. കുപ്‌വാരയിലെ നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള കേരൻ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ജുമാഗുണ്ട് ഏരിയയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെ ഭീകരന്റെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചിരുന്നു. മച്ചിൽ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ഈ വർഷം മാത്രം 46 ഭീകരരെ വധിച്ചതായാണ് കണക്ക്. ഇതിൽ 37 പേരും പാകിസ്താനിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 33 വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം വിദേശ ഭീകരരെ വകവരുത്തുന്നത്. പ്രാദേശിക ഭീകരരേക്കാൾ നാല് മടങ്ങ് കൂടുതലാണ് വിദേശത്ത് നിന്ന് കടന്നുകയറുന്ന ഭീകരർ.















