നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ മോഹൻലാൽ ജോഷി കൂട്ടുക്കെട്ടിൽ ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘റമ്പാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. കയ്യിൽ ചുറ്റികയും തോക്കുംവച്ച് മുണ്ട് മടക്കികുത്തി നിൽക്കുന്ന നായകനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണാനാകുന്നത്. നടൻ ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഒരു മാസ് എന്റർടെയ്നർ ആകും ചിത്രമെന്നാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്.
മീശ പിരിച്ച്, മുണ്ടും മടക്കികുത്തി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 2024ൽ റമ്പാന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം 2025 വിഷു റിലീസ് ആയി തിയറ്ററിൽ പ്രദർശിപ്പിക്കാനാണ് സാധ്യത. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വിദേശത്തടക്കം ഷെഡ്യൂളുകൾ ഉണ്ടായിരിക്കും.
ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ ഒടുവിൽ പുറത്തിറങ്ങിയത്. സിനിമയുടെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് റമ്പാന്‍ ഒരുങ്ങുന്നതെന്ന് മോഹൻലാൽ അറിയിച്ചിരുന്നു.















