വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്ന 75-കാരിക്ക് തണലായി നടൻ ഉണ്ണി മുകുന്ദൻ. കുതിരാനിൽ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടിക്കാണ് സഹായഹസ്തവുമായി ഉണ്ണി മുകുന്ദൻ എത്തിയത്. അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമായി വേണം എന്ന അന്നക്കുട്ടിയുടെ സ്വപ്നമാണ് നടൻ സാക്ഷാത്കരിച്ച് നൽകിയത്. ഒക്ടോബർ 29-ന് നടന്ന ചടങ്ങിൽ പുതിയ വീടിന്റെ താക്കോൽ അന്നക്കുട്ടിക്ക് ഉണ്ണി മുകുന്ദൻ കൈമാറി.
2018-ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ കുതിരാനിൽ മേൽക്കൂര ഇല്ലാതെ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു അന്നക്കുട്ടി. 75-കാരിയുടെ ഈ ദുരിത ജീവിതം മാദ്ധ്യമങ്ങളിലൂടെയാണ് ഉണ്ണി മുകുന്ദൻ അറിയുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന അമ്മയുടെ ജീവിതം ഉണ്ണിയെ കണ്ണീരണിയിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി ഈ ദുരന്തജീവിതം തുടരുകയായിരുന്നു അന്നക്കുട്ടി. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി ഉപേക്ഷിച്ചു പോകുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് തണലായി ഉണ്ണിയുടെ വരവ്. പുതിയ വീട് ലഭിച്ചതിന്റെ ആനന്ദ കണ്ണീരിലാണ് അന്നക്കുട്ടി.















