ബാങ്കിൽ നിന്നും വായ്പ എടുത്ത് അടച്ചു തീർത്താൽ പൊല്ലാപ്പുകൾ ഒഴിഞ്ഞല്ലോ എന്ന ധാരണയിലാണ് നമ്മളെല്ലാവരും. എന്നാൽ വായ്പ എടുക്കുന്നവർ ഇത് അടച്ചു തീർത്താലുടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് വായ്പ അടച്ചു തീർത്ത ഉടമസ്ഥൻ സ്ഥലം മറ്റൊരാൾക്ക് വിറ്റുവെന്നിരിക്കട്ടെ. പല തവണ കൈമാറ്റം ചെയ്ത ഭൂമിയാണിത്. ഭവന വായ്പയ്‌ക്ക് വേണ്ടി ഇയാൾ ബാങ്കിനെ സമീപിച്ചു. ഈ വേളയിൽ സ്ഥലത്തിന്റെ 15 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ് ബാങ്കിൽ സമർപ്പിക്കേണ്ടതുണ്ട്.
എന്നാൽ ഇതെടുത്തപ്പോൾ 12 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റേ ലഭിച്ചുള്ളൂ എന്ന് കരുതുക. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് പണ്ട് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന വ്യക്തി ബാങ്കിൽ നിന്നും വസ്തു വച്ച് വായ്പ എടുത്തിരുന്നു എന്ന് അറിയുന്നത്. വായ്പ അടച്ചു തീർത്തിരുന്നു എങ്കിലും എൻഒസി വാങ്ങിയിരുന്നില്ല. പിന്നീട് ഇതിന് പിന്നാലെ നടക്കേണ്ടി വന്നു.
ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകാം. ഇതിനാൽ തന്നെ വായ്പ എടുത്തത് അടച്ചു തീർന്നാലുടൻ ചെയ്യേണ്ട രണ്ട് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
എൻഒസി അഥവാ നോൺ ഒബ്ജക്ടീവ് സർട്ടിഫിക്കറ്റ്
വായ്പ പൂർത്തിയാകുമ്പോൾ എൻഒസി ബാങ്കിൽ നിന്നും വാങ്ങണം. വായ്പ പൂർണമായും അടച്ചു തീർത്തു എന്നതിന്റെ തെളിവാണിത്. ബാങ്കുമായുള്ള എല്ലാ ബാദ്ധ്യതയും തീർത്തു എന്നതാണ് ഇതിനർത്ഥം.
സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്
വായ്പ അടച്ചു തീർത്താൽ ഉടൻ തന്നെ അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് എടുക്കണം. വായ്പ അടച്ചതിന്റെ വിശദാംശങ്ങൾ ഇതിൽ നിന്നും വ്യക്തമാകും. ലോൺ ക്ലോസിംഗ് ബാലൻസ് പൂജ്യമാണെന്ന് ഉറപ്പു വരുത്തണം.