സംസ്ഥാനത്ത് പ്രീമിയം ചോക്ലേറ്റ് വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇത് മുന്നിൽ കണ്ട് ചോക്ലേറ്റ് രംഗത്തേക്ക് കൂടി ചുവടുവെയ്‌ക്കുകയാണ് മിൽമ. മിൽമയുടെ ഉടമസ്ഥതയിലുള്ള ചോക്ലേറ്റുകൾ നവംബർ ഒന്നിന് വിപണിയിൽ എത്തും. ആരോഗ്യകരമായ ഉത്പന്നങ്ങൾ ഉപയോക്താക്കളിൽ എത്തിക്കുക എന്നത് ലക്ഷ്യം വെച്ചാണ് മിൽമയുടെ പുതിയ നീക്കം.
ഡാർക്ക് ചോക്ലേറ്റിൽ 60 ശതമാനവും ഉപയോഗിക്കുന്നത് കൊക്കോയാണ്. ആവശ്യമായ കൊക്കോ ഇറക്കുമതി ചെയ്താകും ഉപയോഗിക്കുന്നത്. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് ചോക്ലേറ്റുകളുടെ ഉത്പാദനമെന്ന് മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. മൂന്ന് തരം ഡാർക്ക് ചോക്ലേറ്റും ഒരു മിൽക്ക് ചോക്ലേറ്റുകളാണ് നവംബറിൽ എത്തുന്നത്.
ഡെലിസ എന്ന പേരിലാണ് ചോക്ലേറ്റുകൾ വിപണിയിൽ എത്തുന്നത്. 70 ഗ്രാം, 35 ഗ്രാം എന്നിങ്ങനെ രണ്ട് വിധത്തിൽ ചോക്ലേറ്റ് പാക്കറ്റുകൾ വിപണിയിൽ ലഭ്യമാകും. 70 ഗ്രാമിന്റെ പാക്കറ്റിന് നൂറ് രൂപയിൽ താഴെയാകും വില. ഇതിന് പുറമെ രണ്ട് തരത്തിലുള്ള ബിസ്‌ക്കറ്റുകൾ ചോക്കോ ഫുൾ എന്ന പേരിൽ വിപണിയിലെത്തും. 30 രൂപയിൽ താഴെ വില വരുന്ന സ്‌നാക്‌സ് ബാറും വിപണിയിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി.