കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയുമായുള്ള തെളിവെടുപ്പുകളും ഇന്ന് നടക്കും. പ്രതി കുറ്റം ചെയ്തതിന്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ. അക്ബർ പ്രതികരിച്ചു.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിലായിരുന്നു ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎയ്ക്ക് പുറമെ കൊലപാതകം, ഗൂഢാലോചന, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കും. സ്ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്രാ കൺവെൻഷൻ സെൻ്റർ, സ്ഫോടകവസ്തുക്കൾ വാങ്ങിയ കടകൾ, ഐഇഡി ബോംബ് നിർമ്മിച്ച സ്ഥലം, പെട്രോൾ പമ്പ്, കുറ്റസമ്മത വീഡിയോ ചിത്രീകരിച്ച കൊരട്ടിയിലെ ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും.
ഞായറാഴ്ച രാവിലെ 9.40ഓടെ റിമോർട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് കളമശ്ശേരിയിലെ കൺവെൻഷൻ സെൻ്ററിൽ സ്ഫോടനം നടത്തി മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. താൻ ഒറ്റയ്ക്ക് നടത്തിയതാണ് സ്ഫോടനമെന്നും, ബോംബ് നിർമ്മാണ പ്രക്രിയ പഠിച്ചത് ഇൻ്റർനെറ്റിലൂടെയാണെന്നുമാണ് മാർട്ടിന്റെ മൊഴി. റിമോർട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങളും ഇയാൾ കൈമാറിയിരുന്നു. കൊരട്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്റെ മൊഴി വിശ്വാസത്തിലെടുത്താണ് പോലീസ് മുന്നോട്ടു പോകുന്നത്. കേസിൽ എൻഐഎ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.















