പാറ്റ്ന: ബിഹാറിൽ പലചരക്ക് കടയിൽ നിന്ന് ബിസ്ക്കറ്റ് പാക്കറ്റുകളും കുർകുറെയും മോഷ്ടിച്ചുവെന്നാരോപിച്ച് നാല് ആൺകുട്ടികളെ മർദ്ദിച്ച് തൂണിൽ കെട്ടിയിട്ടു. ബെഗുസരായ് ജില്ലയിലാണ് അതിക്രമം അരങ്ങേറിയത്.
ബിർപൂരിലെ ഫാസിൽപൂർ ഗ്രാമത്തിൽ ഒക്ടോബർ 28 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതൊടെയാണ് പുറംലോകമറിഞ്ഞത്. വീഡിയോയിൽ, മർദ്ദിച്ച് അവശരാക്കിയ ആൺകുട്ടികളുടെ കൈകൾ ഒരു തൂണിൽ കെട്ടിയിരിക്കുന്നതും അവർക്ക് ചുറ്റും നിരവധി ആളുകൾ കൂടി നിൽക്കുന്നതും കാണാം.
കുട്ടികളെ കെട്ടിയിട്ട് മർദ്ദിച്ച കടയുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബെഗുസരായ് എസ്പി യോഗേന്ദ്ര കുമാർ പറഞ്ഞു. കടയുടമ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ കുടുംബാംഗങ്ങളുമായി പോലീസ് ബന്ധപ്പെട്ട് കടയുടമയ്ക്കെതിരെ രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്പി പറഞ്ഞു.