നാലു തോല്‍വിയും രണ്ടു വിജയവുമായി പുറത്താകലിന്റെ പടിവാതിലില്‍ നില്‍ക്കുന്ന പാകിസ്താന് പിന്തുണയുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കള്‍ വോണ്‍. പാക് താരങ്ങള്‍ പോരാളികളാണെന്നും അവര്‍ തിരിച്ചുവരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച വോണ്‍ ഇംഗ്ലണ്ടിനെയും അവര്‍ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു.
‘പാകിസ്താന്‍ താരങ്ങള്‍ പോരാളികളാണ്. അവര്‍ക്ക് ബംഗ്ലാദേശിനെയും ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിക്കാനാകും. വിവാദങ്ങളില്‍ കളത്തില്‍ മറുപടി നല്‍കാന്‍ സാധിക്കുന്ന ലോകത്തെ ഒരേയൊരു ടീമും അവര്‍ തന്നെയാണ്. പോയ പല വര്‍ഷങ്ങളിലും ഞാന്‍ അതു കണ്ടതാണ്- ഇംഗ്ലണ്ട് താരം പറഞ്ഞു. ക്രിക്ബസിനോടായിരുന്നു വോണിന്റെ പ്രതികരണം
പാകിസ്താന്‍ താരങ്ങളെ തള്ളി മുന്‍ താരങ്ങളും രംഗത്തെത്തിയപ്പോഴാണ് സ്വന്തം താരങ്ങള്‍ക്ക് നല്‍കാത്ത പിന്തുണയുമായി മൈക്കള്‍ വോണ്‍ രംഗത്തെത്തിയത്. വിവാദങ്ങളെത്തുടര്‍ന്ന് പാകിസ്താന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇന്‍സ്മാം രാജി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ബംഗ്ലാദേശിനെതിരെയാണ് പാകിസ്താന്റെ ഏഴാമത്തെ മത്സരം.















