ബെംഗളുരു: കാവേരി നദിയിൽ നിന്നും നിലവിലത്തെ സാഹചര്യത്തിൽ തമിഴ്‌നാടിന് ജലം നൽകാൻ സാധിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നദിയിൽ ആവശ്യത്തിന് ജലമില്ലെന്നും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദ്ദേശം പാലിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യത്തിന് ജലം തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് സിഡബ്ല്യൂആർസി കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് കർണാടക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കാവേരി നദിയിൽ നിന്നും നവംബർ 1 മുതൽ പ്രതിദിനം 2600 ക്യുസെക്‌സ് ജലം വിട്ടുനൽകണമെന്നാണ് സിഡബ്ല്യൂആർസി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചത്. ഇത്തരത്തിൽ തുടർച്ചയായി 15 ദിവസം കർണാടക തമിഴ്‌നാട്ടിലേക്ക് ജലം വിട്ടുനൽകണമെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് ജലം വിട്ടുനൽകാൻ സാധിക്കില്ലെന്ന് കർണാടക അറിയിച്ചിരിക്കുന്നത്.
നിലവിലത്തെ സാഹചര്യത്തിൽ 2600 ക്യുസെക്‌സ് ജലം വിട്ടുനൽകാനുള്ള ശേഷിയില്ലെന്നും കൃഷ്ണ സാഗർ അണക്കെട്ടിലേക്ക് നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണെന്നും ഡികെ ശിവകുമാർ പറഞ്ഞു. നിലവിൽ 815 ക്യുസെക്‌സ് ജലം സ്വാഭാവികമായി ഒഴുകുന്നുണ്ട്. കുടിവെള്ള പദ്ധതികൾക്കായുള്ള ജലം മാത്രമേ നിലവിൽ അണക്കെട്ടിൽ സംഭരിച്ചിട്ടുള്ളുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.















