നല്ലതും കെട്ടതും തിരിച്ചറിയാനാകാത്ത അവസ്ഥയിൽ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് പാരമ്പര്യ നിഷേധത്തിൽ ഊന്നിയുള്ള പുരോഗമനവാദമാണ്. ഭൗമ ശാസ്ത്രപരമായ അതിരുകളെ പോലും ലംഘിച്ചുകൊണ്ട് ഭാരതത്തിലെ എല്ലാ അറിവുകളും വിശ്വം മുഴുവൻ നിറഞ്ഞിരുന്നു. നേപ്പാളിൽ ഉണ്ടാകുന്ന ഒരു കായയായ രുദ്രാക്ഷത്തെക്കുറിച്ചുള്ള ശരിയായ ധാരണ തെക്കേയറ്റത്തെ കേരളത്തിലും കൃത്യമായി തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് കൈമോശം വന്നു. ആധ്യാത്മിക വിഷയങ്ങളിൽ അറിവുള്ളവർ എന്ന് സാധാരണക്കാർ ധരിക്കുന്ന സന്യാസിമാർ ആത്മീയ പ്രഭാഷകർ എന്നിവർക്ക് പോലും രുദ്രാക്ഷത്തിന്റെ കാര്യത്തിൽ സംശയം നിലനിൽക്കുന്നു. ചിലർക്ക് ഇത് ധരിക്കാവുന്നതിന്റെ കാര്യത്തിൽ ആയിരിക്കും സംശയമെങ്കിൽ മറ്റു ചിലർക്ക് അതിന്റെ ഒറിജിനാലിറ്റിയെപ്പറ്റി ആയിരിക്കും എന്ന് മാത്രം.
പുരാണങ്ങളിൽ രുദ്രാക്ഷത്തിന്റെ വൈവിധ്യത്തെ കുറിച്ച് കൃത്യമായ പരാമർശങ്ങൾ കാണാം. പ്രധാനമായി രുദ്രാക്ഷത്തിന്റെ മുഖങ്ങളെപ്പറ്റിയാണ് പരാമർശങ്ങൾ. ഏകമുഖം മുതൽ 38 മുഖങ്ങൾ വരെയുള്ള രുദ്രാക്ഷങ്ങളുണ്ട്. അവ ഓരോന്നിന്റെയും ഊർജ്ജ വ്യത്യാസത്തെക്കുറിച്ചും പരാമർശങ്ങൾ ഉണ്ട്. ശിവന്റെ കണ്ണുനീർത്തുള്ളി രുദ്രാക്ഷ വൃക്ഷമായി മാറി എന്നുള്ള പൗരാണിക വിശദീകരണവും ലഭ്യമാണ്. അതിൽ തന്നെ രുദ്രാക്ഷ വൃക്ഷത്തിൽ ഉണ്ടാവുന്ന കായകൾ ശിവന്റെ ഇടത്ത് കണ്ണിൽ നിന്നുണ്ടായവ, വലത്തു കണ്ണിൽ നിന്നുണ്ടായവ, മൂന്നാം കണ്ണിൽ നിന്ന് ഉണ്ടായവ, എന്നിങ്ങനെ വക തിരിച്ചിരിക്കുന്നു. ശാസ്ത്രീയ നിരീക്ഷണങ്ങളിലും ആ രുദ്രാക്ഷത്തിന്റെ മാഗ്നെറ്റിക് പ്രോപ്പർട്ടി മൂന്നായി തിരിച്ച് ഫെറോ മാഗ്നെറ്റിക് പ്രോപ്പർട്ടി ഉള്ളവ, പാരാ – ഡയാ മാഗ്നെറ്റിക് പ്രോപ്പർട്ടി ഉള്ളവ, എന്നിങ്ങനെ പഠിക്കുന്നു. രുദ്രാക്ഷ കായിന്റെ പഴുത്ത പഴം നീക്കിയാൽ ഉള്ളിലുള്ള വലിയ കുരു ആണ് രുദ്രാക്ഷമാല ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതിന്റെയും ഉള്ളിൽ മുളക്കാൻ ആവശ്യമായ ബീജം കാണാം. ഒരു മരത്തിൽ തന്നെ ഉണ്ടാകുന്ന ഓരോ കായും വ്യത്യസ്ത ബീജസംഖ്യ ഉള്ളതായി കാണുന്നതാണ് ഈ ദിവ്യ വൃക്ഷത്തിന്റെ അത്ഭുതപ്രകടനം. ഒരു വിത്ത് മാത്രമുള്ള കുരുവിന് ഏകമുഖ രുദ്രാക്ഷം എന്നും രണ്ടു ബീജമുള്ള കുരുവിന് ദ്വിമുഖം എന്നും ആ ക്രമത്തിൽ 38 ബീജം ഉള്ളതിനെ 38 മുഖം എന്നും പേര് വിളിക്കുന്നു.
ഒരു മരത്തിൽ തന്നെ വ്യത്യസ്ത മുഖങ്ങളിൽ ഉള്ള രുദ്രാക്ഷങ്ങൾ ഉണ്ടാകുന്നു. പഞ്ചമുഖമാണ് ഏറ്റവും സുലഭമായി ഉണ്ടാവുന്നത്. ഭൂമിയിൽ ഉണ്ടാകുന്ന രുദ്രാക്ഷക്കായകളിൽ 90% വും പഞ്ചമുഖമാണ് എന്ന് തന്നെ പറയാം. ബാക്കിയുള്ള മുഖങ്ങളിൽ ചിലവ ചില വർഷങ്ങളിൽ ഉണ്ടാവുന്നതേയില്ല എന്നതും അനുഭവമാണ്. ഏക മുഖവും 38 മുഖവും കണ്ടിട്ടുതന്നെ നൂറ്റാണ്ടുകളായി എന്നു പറയപ്പെടുന്നു. രണ്ടു മുഖം മുതൽ 22 മുഖം വരെ ഏകദേശം തുടർച്ചയായി കണ്ടുവരുന്നുണ്ട്. അതിൽ 2 മുഖവും 21, 20 , 21 , 22 മുഖങ്ങളും വളരെ ദുർലഭമാണ്. 21 മുഖം എല്ലാവർഷവും ലഭ്യമാകാറില്ല. കുബേരൻ ആണ് ഇരുപത്തിയൊന്ന് മുഖത്തിന്റെ ദേവൻ എന്നതുകൊണ്ട് 21 മുഖ രുദ്രാക്ഷത്തിന് മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ്. ലക്ഷങ്ങൾ വിലമതിക്കുന്ന 21 മുഖ രുദ്രാക്ഷം കാണുന്നതുപോലും മഹാ പുണ്യമായാണ് കണക്കാക്കുന്നത്.
ഈ അത്ഭുത വൃക്ഷത്തിന്റെ സ്ഥാനം നേപ്പാളിലാണെന്ന് പുരാണങ്ങളിൽ പറയുന്നു. മറ്റിടങ്ങളിലും ഈ മരം നട്ടു വളർത്താൻ സാധിക്കും. എന്നാൽ ഭാരതത്തിലെ ഹിമാലയ ഭാഗങ്ങളിൽ പോലും രണ്ടു മുഖം മൂന്നു മുഖം എന്നിവയുണ്ടായാൽ അതിന് ആകൃതിയും പ്രകൃതിയും വേറെ ആണെന്നതാണ് അത്ഭുതം. അതിന് സ്വയമേ തുളയുണ്ടാവുകയില്ല.. അതിന്റെ പ്രതലം നേപ്പാളിലെതിന്റെ അത്ര ഭംഗിയുള്ളതും ഉറച്ചതും ആയിരിക്കില്ല. അതിന് ഈടും കാന്തിക ശക്തിയും കുറവായിരിക്കും ചെയ്യും.
രുദ്രാക്ഷം പോലെ മറ്റൊരു കായ ഭദ്രാക്ഷമാണ്. ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് ഈ കായകൾ ഉണ്ടാകുന്നത്. രുദ്രാക്ഷത്തേക്കാൾ വലിപ്പമേറിയതും പരന്ന പ്രതലം ഉള്ളതും ആണ് ഭദ്രാക്ഷം. അതിന്റെ വൃക്ഷം ഉൾ വനങ്ങളിൽ ആണ് കാണപ്പെടുന്നത്. ഏകദേശം നാട്ടിൽ തണൽമരം ആയ ബദാമിന്റെ മരം പോലെയാണ് ഇത് കാണപ്പെടുക. കേരളത്തിലെ കാടുകളിൽ ഇത് സുലഭമാണ് ഇതിന്റെ കായകൾ ഏകമുഖം, ദ്വിമുഖം, ത്രിമുഖം എന്നിങ്ങനെ ഉണ്ടായിരിക്കും. അതിൽ തന്നെ ഭദ്രാക്ഷക്കായകൾ 90% വും രണ്ടു മുഖം ആയിരിക്കും.
ഇതിന്റെ ഏകമുഖം അർദ്ധ ചന്ദ്രാകൃതിയിലാണ് കാണപ്പെടുക. അതാണ് ഉത്തരേന്ത്യൻ കച്ചവടക്കാർ ഏകമുഖ രുദ്രാക്ഷം എന്ന പേരിൽ വിതരണം ചെയ്യുന്നത്.. കേരളത്തിൽ നിന്നും ആദ്യം നേപ്പാളിലേക്കും അവിടുന്ന് ലോകമെമ്പാടും സഞ്ചരിക്കുന്ന ഏകമുഖ രുദ്രാക്ഷം കേരളത്തിലെ കാട്ടുകായയാണ് അതിനെ രുദ്രാക്ഷം പോലെ ആധ്യാത്മിക മൂല്യം കണക്കാക്കിയിട്ടില്ല. അതുപോലെ ഭാരതത്തിലെ രണ്ടുമുഖരുദ്രാക്ഷം സുലഭമാണെങ്കിലും, അവക്ക് വില കൂടുതൽ ആയതിനാൽ, വിലകുറഞ്ഞതും വലിപ്പം കൂടുതലുള്ളതുമായ ഭദ്രാക്ഷക്കായയാണ് പലരും ഉപയോഗിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത ലാഭം മാത്രം നോക്കി നടക്കുന്ന കച്ചവടക്കാരാണ് അവരെ പറ്റിക്കുന്നത്. പുരോഹിതന്മാർ രണ്ടു മുഖരുദ്രാക്ഷം ധരിക്കണമെന്ന് പുരാണ പരാമർശം അനുസരിക്കുന്നവർ ഇത്തരം ഭദ്രാക്ഷമാണ് ധരിക്കുന്നതായി കാണുന്നത്. ഏകമുഖ രുദ്രാക്ഷത്തിന്റെ ആകൃതിയിൽ മോൾഡ് ചെയ്ത വ്യാജ രുദ്രാക്ഷങ്ങൾ ഗ്യാരണ്ടി കാർഡ് സഹിതം മാർക്കറ്റിൽ ലഭ്യമാണ്. പലപ്പോഴും ഈ വ്യാജനു ഒരു ലക്ഷം രൂപ വരെ വിലയുണ്ട്..
താരതമ്യേന ലഭ്യത കുറവുള്ള 12 മുഖം മുതൽ മുകളിലേക്കുള്ള രുദ്രാക്ഷങ്ങൾക്കാണ് പൊതുവെ വ്യാജ നിർമ്മിതി ആവശ്യം വരുന്നത്.. 4 , 5 , 6 , 7 മുഖങ്ങൾക്ക് ഒരിക്കലും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവില്ല പ്ലാസ്റ്റിക്കിലും അരക്കിലും മോൾഡ് ഉണ്ടാക്കുകയും മോൾഡ് ചെയ്തിട്ട് തോൽ കൊണ്ട് ഒട്ടിച്ചെടുത്ത് ഹൈഡ്രോളിക് പ്രസ് ചെയ്ത് ആകൃതി വരുത്തിയും രുദ്രാക്ഷത്തിന്റെ തന്നെ വിവിധ ഭാഗങ്ങൾ ചേർത്ത് അതിവിദഗ്ധമായും സൂക്ഷ്മമായും ഒട്ടിച്ചെടുത്തും വിവിധ മുഖ രുദ്രാക്ഷങ്ങൾ വ്യാജമായി ഉണ്ടാക്കുന്നു. അതിന്റെ മുഖങ്ങൾ കൂടുമ്പോൾ വില കൂടുതലായിരിക്കും. ചിലപ്പോൾ അഞ്ചുമുഖരുദ്രാക്ഷത്തിൽ ആവശ്യത്തിന് വരകൾ വരച്ചു ചേർത്ത് വ്യത്യസ്ത മുഖങ്ങൾ നിർമ്മിക്കാറുണ്ട്.. കൂടാതെ അഞ്ചു മുഖത്തിൽ നിന്ന് ചില വരകൾ മായ്ച്ചു കളഞ്ഞശേഷം ആവശ്യമായ കൊത്തുപണികൾ സൂക്ഷ്മമായി ചെയ്തിട്ട് ഒരു വര മാത്രം അവശേഷിപ്പിച്ച് ഏകമുഖം എന്നു പറഞ്ഞു വിൽക്കുന്നവരെയും കാണാം.
സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവിധ വ്യാജ നിർമ്മിതികൾ ഓരോ കാലത്തും ഇറങ്ങുന്നുണ്ട്. ഹോർമോൺ ഉപയോഗിച്ച് വലിപ്പം വർദ്ധിപ്പിച്ചും ഹോർട്ടികൾച്ചറൽ രീതിയിൽ ഉത്പാദിപ്പിച്ചും വരുന്ന അസ്വാഭാവിക വലിപ്പമുള്ള രുദ്രാക്ഷങ്ങളാണ് ഏറ്റവും പുതുതായി വരുന്നത്. ഇവ മിക്കവാറും ഉരുണ്ട ആകൃതിയിലാണ് കണ്ടുവരുന്നത്. ചെറുനാരങ്ങയുടെ വരെ വലിപ്പത്തിൽ അവ എത്തിത്തുടങ്ങി. ഇതുപോലെ ഇൻഡോനേഷ്യയിൽ നിന്ന് വരുന്ന രുദ്രാക്ഷങ്ങളും അസ്വാഭാവിക വലിപ്പം ഉള്ളവയാണെങ്കിലും വേണ്ടത്ര ഊർജ്ജമണ്ഡലം ഇല്ലാത്തത് എന്ന് കരുതി അവഗണിക്കുകയാണ് അറിവുള്ളവർ ചെയ്യുന്നത്. അവക്ക് കാഴ്ചയിൽ മുഴുപ്പുണ്ടായാലും അതിന്റെ ഉള്ളിലെ ബീജത്തിന് വേണ്ട ശക്തിയില്ല എന്ന് തെളിഞ്ഞിട്ടുണ്ട്..
നല്ലതും ചീത്തയും വ്യാജനും ഒറിജിനലും തിരിച്ചറിഞ്ഞ് രുദ്രാക്ഷം വാങ്ങുന്നതിന് അല്പം താല്പര്യമെടുത്ത് ഇതിനെ പഠിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. അതിന് താല്പര്യമില്ലെങ്കിൽ വിഷയത്തിൽ ജ്ഞാനം ഉള്ളവരെ സമീപിക്കുക മാത്രമേ കരണീയമായുള്ളൂ.
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
94470 75775
രുദ്രാക്ഷത്തെക്കുറിച്ച് അറിയേണ്ടതെല്ലാം,എൻ ജി മുരളി കോസ്‌മോകി എഴുതുന്ന രുദ്രാക്ഷ മാഹാത്മ്യം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://janamtv.com/tag/rudraksha-mahatmyam/















