വഡോദര ; ഗുജറാത്തിലെ ആദ്യ ഹെറിറ്റേജ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കെവാദിയയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് പുതിയ ഹെറിറ്റേജ് ട്രെയിൻ . പഴയ കാലത്തെ ആവി എഞ്ചിൻ മാതൃകയിലാണ് പൈതൃക തീവണ്ടിയുടെ എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ യാത്രക്കാർക്ക് നാരോ ഗേജ് ട്രെയിനിൽ യാത്ര ചെയ്ത അനുഭവമാകും ഉണ്ടാകുക .
3 മാസത്തെ പ്രയത്നത്തിനൊടുവിലാണ് ആവി എഞ്ചിൻ പോലെ ഇലക്ട്രിക് എൻജിൻ ഒരുക്കിയിരിക്കുന്നത്. ഈ ട്രെയിനിന് 4 കോച്ചുകളും 100 കിലോമീറ്റർ വേഗതയും 144 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ട്രെയിനിനുള്ളിൽ നിർമ്മിച്ച എസി റസ്റ്റോറന്റിൽ 28 യാത്രക്കാർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം. തേക്ക് തടിയിൽ ഒരുക്കിയിരിക്കുന്ന റാക്കുകളും ടേബിളുകളുമാണ് ട്രെയിനുള്ളിൽ ഉള്ളത് .
ബ്രാൻഡഡ് ഉയർന്ന നിലവാരമുള്ള ഫിറ്റിംഗുകളുള്ള FRP മോഡുലാർ ടോയ്‌ലറ്റ് , GPS അധിഷ്ഠിത പബ്ലിക് അഡ്രസ് ആൻഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയും ഈ പൈതൃക ട്രെയിനിന്റെ പ്രത്യേകതകളാണ് . ആദ്യമായിട്ടാണ് ഇത്തരമൊരു ട്രെയിനിൽ യാത്ര ചെയ്യുന്നതെന്നാണ് പലരുടെയും അഭിപ്രായം .















