കാസർകോട്: ഡെപ്യൂട്ടി തഹസിൽദാറെ മർദ്ദിച്ച കേസിൽ മഞ്ചേശ്വരം എംഎൽഎ എ. കെ. എം അഷ്‌റഫിന് തടവ് ശിക്ഷ. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഒരുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡെപ്യൂട്ടി തഹസിൽദാർ എ ദാമോദരനെ മുസ്ലീംലീഗ് എംഎൽഎ മർദ്ദിക്കുകയായിരുന്നു.
2010 നവംബർ 25നാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള ബങ്കര മഞ്ചേശ്വരത്ത് താമസിക്കുന്ന മെെസൂരു സ്വദേശി മുനാവുർ ഇസ്മായിലിന്റെ അപേക്ഷ ഡെപ്യൂട്ടി തഹസിൽദാർ നിരസിച്ചിരുന്നു. മെെസൂരുവിൽ നിന്നുള്ള വോട്ടർപട്ടിക വിടുതൽ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. പ്രസ്തുത രേഖ സമർപ്പിച്ചാൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.
ഇതിൽ പ്രകോപിതരായ എ.കെ.എം. അഷ്‌റഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസിൽദാരെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ കെ എം അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുള്ള കജ, ബഷീർ കനില തുടങ്ങിയവർ മർദ്ദിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















