കലാദാൻ ട്രാൻസ്‌പോർട്ട് പദ്ധതി യാഥാർഥ്യമാകുന്നു; മിസോറാമിനെ മ്യാൻമറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡ് നവംബറിൽ പൂർത്തിയാകും: നിതിൻ ഗഡ്കരി

Published by
Janam Web Desk

ഐസ്വാൾ: ദക്ഷിണ മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലാദാൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ (കെഎംടിടിപി) ഭാഗമായ റോഡ് ഈ വർഷം നവംബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു .

26 കിലോമീറ്റർ റോഡ് പദ്ധതിക്ക് 1,132 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പടിഞ്ഞാറൻ മിസോറാമിലെ മമിത് ജില്ലയിൽ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ദാമ്പ നിയമസഭാ മണ്ഡലത്തിലെ വെസ്റ്റ് ഫൈലേംഗിൽ നടന്ന റാലിയിൽ പങ്കെടുക്കുകയായിരുന്നു നിതിൻ ഗഡ്കരി. കലാദാൻ പദ്ധതിക്ക് കീഴിലുള്ള റോഡ് നവംബറോടെ പൂർത്തിയാകുമെന്നും ഇതോടെ മിസോറാമിനെ മ്യാൻമറിലെ സിറ്റ്‌വെ തുറമുഖവുമായി ബന്ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ മിസോറാമിനെ നാഗാലാൻഡിലേക്കും മണിപ്പൂരിലേക്കും ബന്ധിപ്പിക്കാൻ 20,000 കോടി രൂപയുടെ റോഡ് പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്. ഈ പദ്ധതി മിസോറാമിനെ വടക്കുകിഴക്കൻ മേഖലയിലെ അയൽ സംസ്ഥാനങ്ങളായ നാഗാലാൻഡ്, മണിപ്പൂർ എന്നിവയുമായും മ്യാൻമറിന്റെ അതിർത്തിയുമായും ബന്ധിപ്പിക്കും.

കൊൽക്കത്ത തുറമുഖത്തെ വടക്കു കിഴക്കേ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന കര – സമുദ്ര – നദി – ഗതാഗത പദ്ധതിയാണ് കലാദാൻ മൾട്ടിമോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്റ്റ്. കൊല്ക്കത്തയില് നിന്നും പുറപ്പെട്ട് മ്യാൻമാറിലൂടെ കടന്നു മിസോറാമിലേക്ക് പ്രവേശിക്കുന്ന പദ്ധതിയാണിത്. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന സിറ്റ്‌വെ തുറമുഖത്തിലേക്കാണ് കൊലക്കത്തയിൽ നിന്നും കപ്പൽപ്പാത പ്രവേശിക്കുന്നത്.  ഇന്ത്യയുടെ ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴിക്ക് ഒരു ബദൽ ഗതാഗത മാർഗ്ഗം ഈ പാത ഉണ്ടാക്കും. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മ്യാൻമറിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു നിർണായക പാതയുമാണിത്.
കലാദാൻ പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 500 മില്യൺ ഡോളറാണ്.

ഈ വര്ഷം മെയ്മാസത്തിൽ കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി തുറമുഖത്ത് നിന്ന് രാംകോ സിമന്റുമായി പുറപ്പെട്ട ഇന്ത്യൻ കപ്പൽ കലാദാൻ മൾട്ടിമോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ ധനസഹായത്തോടെ മ്യാൻമാറിൽ നിർമ്മിച്ച സിറ്റ്‌വെ തുറമുഖത്ത് എത്തിയിരുന്നു.

Share
Leave a Comment