മലയാള സിനിമയിൽ ഒരേസമയം സംഗീത സംവിധായകനും ഗായകനുമായി തിളങ്ങി നിരവധി ഭാഷകളിൽ സ്വന്തമായൊരിടം നേടിയെടുത്തയാളാണ് ഇഷാന്‍ ദേവ്. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഇഷാൻ. ജോജു ജോർജ് ചിത്രമായ ‘പുലിമട’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക്
വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ‘ഉറിയടി’ക്കു ശേഷം സംഗീതം ചെയ്യുന്ന ചിത്രമാണ് ‘പുലിമട’. പുലിമടയിൽ മൂന്നു പാട്ടുകളാണ് ഉള്ളത്. നീലവാനിലെ എന്ന ഗാനം അലകടലിൽ എന്ന ഗാനത്തിന്റെ സ്പ്ലിറ്റ് ആണെന്നും സിനിമയിൽ ആ ഗാനം പാടിയത് ചിത്ര ചേച്ചിയാണെന്നും താരം പറയുന്നു. പുലിമട’യിലെ ‘നീലവാനിലേ…’ എന്നു തുടങ്ങുന്ന പാട്ടിന് ഇഷാന്‍ ദേവാണ് ഈണമൊരുക്കിയത്. പുതിയ ഗാനം പ്രേക്ഷകർ ഇരു കെെയും നീട്ടി സ്വീകരിച്ചു. ചുരുങ്ങിയ സമയം കൊണ്ട് പുലിമട’യിലെ ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
നേരത്തെ താരം തന്റെ തിരിച്ചു വരവിനെ കുറിച്ചും സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ‘കഴിഞ്ഞ കുറേക്കാലമായി ചെന്നൈയിൽ ആയിരുന്നു. എന്റെ പാട്ടുകളുടെ ആസ്വാദകനും ആരാധകനുമായ നടൻ ജോജു ജോർജ്ജ് ഒരിക്കൽ സൗഹൃദസംഭാഷണത്തിനിടെയാണ് ‘പുലിമട’ എന്ന ചിത്രം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. അവിടെ നിന്നാണ് ഈ തിരിച്ചുവരവിന്റെ തുടക്കം. ജോജു ചേട്ടന്റെ പ്രൊഡക്‌ഷനാണ്, ഒരു സിറ്റുവേഷൻ തന്നിട്ട് ഒരു പാട്ട് ചെയ്യൂ എന്ന് അദ്ദേഹമാണ് എന്നോട് പറഞ്ഞത്.- ഇഷാൻ പറയുന്നു.
ജോജു ജോർജ് ഒരു വ്യക്തി എന്ന നിലയിൽ തന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ടെന്നും പുലിമട എന്ന സിനിമയിലൂടെ മനുഷ്യത്വമുള്ള ഒരു പുലിയുടെ മടയിലേക്കാണ് ചെന്നു കയറിയിരിക്കുന്നതെന്നും താരം തുറന്നുപറയുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറെ മനുഷ്യത്വമുള്ള, കലാകാരന്മാരെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ് ജോജുവെന്നും ചിത്രത്തേക്കാളുപരി ജോജു ജോർജ് എന്ന മനുഷ്യൻ തന്റെ ജീവിതത്തിലേയ്‌ക്ക് കടന്നു വന്നു എന്നതാണ് കൂടുതൽ സന്തോഷമെന്നും ഇഷാൻ വ്യക്തമാക്കി. ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത് അടിപൊളി പാട്ടുകൾ ആയിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് ഈ സിനിമയിലെ ഗാനങ്ങൾ. തന്നെപ്പോലെ ഒരു കലാകാരന് കിട്ടിയ വലിയ നേട്ടമാണിത്. പുലിമട തനിക്ക് സന്തോഷങ്ങളുടെ ഒരു മട തന്നെയാണെന്നും ഇഷാൻ പറയുന്നു.
ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിളിലെ ലജ്ജാവതിയുടെ പിന്നണി ഗായകനായി ചലച്ചിത്ര സംഗീത ജീവിതം ആരംഭിച്ച വ്യക്തിയാണ് ഇഷാൻ ദേവ്. പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്ത ദി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടര്‍ന്ന് ചിന്താമണി കൊലക്കേസ്,സൗണ്ട് ഓഫ് ബൂട്ട്, ഡോണ്‍ , ത്രില്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. മലയാളത്തിന് പുറമെ കന്നട,തമിഴ് എന്നീ ഭാഷകളിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. മലയാളികള്‍ ഇപ്പോഴും നെഞ്ചിലേറ്റുന്ന ഒരു പാട്ടാണ് നന്മയുള്ള ലോകമേ. മലയാളി വികാരത്തെ ഉണര്‍ത്തുന്ന ഈ പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ് ആയിരുന്നു.















