തൃശ്ശൂര്‍: കട്ടമുതല്‍ തിരിച്ചുനല്‍കല്‍ മഹാമഹത്തിന് ഇന്ന് കരുവന്നൂര്‍ ബാങ്കില്‍ തുടക്കം. പാവപ്പെട്ടവന്റെ നിക്ഷേപങ്ങള്‍ കട്ടുമുടിച്ച കള്ളന്മാര്‍ക്ക് കുടപിടിച്ച് ഗതികെട്ടതിന് പിന്നാലെയാണ് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. 50 കേടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചതെങ്കില്‍ നിലവില്‍ ബാങ്കിന്റെ കൈവശമുള്ളത് 17.4 കോടി രൂപയാണ്. ഇതില്‍ എങ്ങനെ പാവപ്പെട്ടവരുടെ പണം നല്‍കുമെന്നാണ് നിക്ഷേപകര്‍ ചോദിക്കുന്നത്. ബാക്കി തുക ഉടനെ വരുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം.
പണം വാങ്ങുന്നവര്‍ക്ക് തുക താത്പര്യമുണ്ടെങ്കില്‍ ബാങ്കില്‍ തന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കും. കുടിശിക വായ്പകള്‍ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചു.
അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങളാണ് പിന്‍ വലിക്കാനാവുക.അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ നവംബര്‍ 11 മുതല്‍ പിന്‍വലിക്കാം. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് നവംബര്‍ 20 ന് ശേഷം അന്‍പതിനായിരം വരെ പിന്‍വലിക്കാനാണ് അനുമതി. 21,190 സേവിംഗ്‌സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നല്‍കുമെന്നാണ് ബാങ്ക് വാഗ്ദാനം.
ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്‌ക്കുമേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്. ഈ പാക്കേജ് പ്രകാരം 21,190 പേര്‍ക്ക് പൂര്‍ണമായും തുക പിന്‍വലിക്കാനും 2,448 പേര്‍ക്ക് ഭാഗികമായി തുക പിന്‍വലിക്കാനും അവസരമുണ്ടാകും.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 103 കോടി രൂപയുടെ ക്രമക്കേട് മാത്രമാണ് നടന്നിരിക്കുന്നതെന്നും ബാക്കിയുള്ളതെല്ലാം മാദ്ധ്യമസൃഷ്ടികള്‍ മാത്രമാണെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ആരോപിച്ചു. ആധാരങ്ങളില്‍ കൃത്രിമം കാണിച്ചാണ് ഇത്രയും തുകയുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആധാരങ്ങള്‍ ഇ.ഡി. കൊണ്ടുപോയത് വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാക്കിയെന്നും അവർ വാദിച്ചു.