2034-ലെ ഫുട്‌ബോള്‍ ലോകകപ്പിന് സൗദി തന്നെ വേദിയാകും. ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റീനോയാണ് ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയ പിന്മാറിയതോടെ സൗദി അറബ്യേക്ക് തന്നെ നറുക്ക് വീഴുമെന്ന് ഉറപ്പായിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് തന്നെ സ്ഥരീകരിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം.
”ഫിഫ ലോകകപ്പിന്റെ അടുത്ത പതിപ്പ് 2026ല്‍ വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവിടങ്ങളില്‍ നടക്കും. 2030ല്‍ ആഫ്രിക്കയിലും (മൊറോക്കോ) യൂറോപ്പിലുമായി (പോര്‍ച്ചുഗല്‍, സ്‌പെയിന്‍) ലോകകപ്പ് അരങ്ങേറും. ഇതിന്റെ ഭാഗമായുള്ള പ്രദര്‍ശന മത്സരങ്ങള്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് എന്നിവടങ്ങിലും നടക്കും.
2034ല്‍ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. മൂന്നു പതിപ്പുകള്‍, അഞ്ച് ഭൂഖണ്ഡങ്ങള്‍, മത്സരങ്ങള്‍ക്ക് വേദിയാകാന്‍ പത്ത് രാജ്യങ്ങള്‍ അത് ഫുട്‌ബോളിനെ അക്ഷരാര്‍ഥത്തില്‍ ആഗോള കായികയിനമാക്കുന്നു” ഇന്‍ഫന്റീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വേദികള്‍ക്ക് ഫിഫ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ഇന്‍ഫന്റീനോ വ്യക്തമാക്കി. ഒക്ടോബര്‍ ആദ്യവാരം ലോകകപ്പ് നടത്താന്‍ ഏഷ്യ, ഓഷ്യാനിയ രാജ്യങ്ങളെ ഫിഫ ക്ഷണിച്ചതിനു പിന്നാലെ സൗദി അറേബ്യ താത്പര്യം അറിയിച്ചിരുന്നു. പിന്നാലെ ഓസ്‌ട്രേലിയ പിന്മാറുകയായിരുന്നു.
View this post on Instagram
“>
View this post on Instagram















