തിരുവനന്തപുരം: കേരളാ സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തെ വിമർശിച്ച് പ്രമുഖ നടൻ ബാലചന്ദ്രമേനോൻ. കേരളീയം പരിപാടിയോടൊപ്പം നടത്തുന്ന ചലച്ചിത്രോത്സവത്തെയാണ് ബാലചന്ദ്രമേനോൻ വിമർശിച്ചത്. മലയാള സിനിമയുടെ പരിച്ഛേദം എന്ന രീതിയിൽ അവതരിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിൽ ബാലചന്ദ്രമേനോന്റെ ഒരു സിനിമ പോലും ഉൾപ്പെടുത്തിയിട്ടില്ല. ഈ ദുരവസ്ഥയാണ് ശ്രീ മേനോൻ ചൂണ്ടിക്കാണിക്കുന്നത്.
തീയറ്റർകാണാത്ത സിനിമകൾ പോലും മലയാള സിനിമയുടെ പരിച്ഛേദമായി ഈ മേളയിൽ കാണിക്കുന്നുണ്ട്. ചില സംവിധായകരുടെ രണ്ടു ചിത്രങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ ബാലചന്ദ്രമേനോന്റെ ഒരു സിനിമ പോലും കാണിക്കുന്നില്ല. സ്ത്രീപക്ഷ സിനിമയായ അച്ചുവേട്ടന്റെ വീട് ഉണ്ട്, ഹാസ്യ ചിത്രം എന്ന നിലയിൽ ചിരിയോ ചിരിയുണ്ട്. ചിരിയോ ചിരി മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ ആയിരുന്നു. അതിനു ശേഷമാണ് നാടോടിക്കറ്റ് ഉൾപ്പെടെയുള്ള ഹാസ്യചിത്രങ്ങൾ വരുന്നത്. ഏപ്രിൽ 18 പോലെയുള്ള ജനപ്രീതിയുള്ള സിനിമകളുണ്ട്. ഇതൊന്നും യോഗ്യതയുള്ള സിനിമകൾ അല്ലേ. അങ്ങിനെ തീരുമാനമെടുത്തത് ആരാണ്. ഇത് നീതിക്കു നിരക്കാത്ത പ്രവർത്തിയാണ്. ബാലചന്ദ്രമേനോൻ പറഞ്ഞു.
കെ എസ എഫ് ഡി സി ചിത്രാഞ്ജലി എന്നീ സർക്കാർ സംരംഭങ്ങളോട് ഏറ്റവും കൂടുതൽ സഹകരിച്ച ഒരു നടനാണ് താൻ. ചിത്രാഞ്ജലിയിലാണ് സമാന്തരങ്ങൾ എടുത്തത്. അവിടെ നിന്ന് പോയിട്ടാണ് അത് ദേശീയ അവാർഡ് നേടിയത്. ആ സിനിമയിൽ താൻ പത്ത് ഡിപ്പാർട്‌മെന്റാണ് നോക്കിയത്. അത് ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു റിക്കോർഡാണ്. ആ സമാന്തരങ്ങൾ പോലും ഈ ചലച്ചിത്രമേളയിൽ ഇല്ല. എന്തുകൊണ്ട് അതിനെ ഇതിൽ ഉൾപ്പെടുത്തിയില്ല .അത് ചിത്രാഞ്ജലിയുടെ ഒരു പ്രസ്റ്റീജ് ചിത്രമല്ലേ. അത് അവിടെ കാണിക്കാൻ കൊള്ളരുതാത്ത ചിത്രമാണോ .? സർക്കാർ ഉത്തരം തരണം.
ഞങ്ങൾ എന്തും അങ്ങ് ചെയ്യുമെന്ന് പറഞ്ഞേക്കരുത്, ജനാധിപത്യമാണ്. ബാലചന്ദ്രമേനോൻ കേരളാ സർക്കാരിനെ ഓർമ്മിപ്പിച്ചു.
റയിൽവേ എന്നത് ഒരു രാജ്യത്തിന്റെ ഞരമ്പുകളാണ്. അതിലെ രക്ത ഓട്ടം നിലക്കാൻ പാടില്ല എന്ന് ഞാൻ പറഞ്ഞതാണോ തെറ്റ്.
ദേശീയത കൊണ്ടുവന്നതാണോ തെറ്റ്. കുടുംബമാണ് എല്ലാറ്റിന്റെയും ആധാരം കുടുംബം നന്നായി സൂക്ഷിക്കണം എന്ന് എന്റെ സിനിമകളിൽ കൂടി പ്രചരിപ്പിച്ചതാണോ ഞാൻ ചെയ്ത തെറ്റ്. ബാലചന്ദ്ര മേനോൻ ചോദിച്ചു.
തന്നെപ്പോലെ തന്നെ സംവിധായകൻ മോഹന്റെയും ഒരു സിനിമയും ഈ ലിസ്റ്റിൽ കണ്ടില്ല. അതും മോശമാണ്. മേനോൻ കൂട്ടിച്ചേർത്തു. ഒരു പൗരൻ എന്ന നിലയിൽ ഈ അനീതി ചോദ്യം ചെയ്യേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് ഇത് പറയുന്നതെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.
കേരളപ്പിറവി ദിനത്തിൽ പ്രഭാതത്തിൽ ഇത് പറയേണ്ടി വന്നതിൽ തനിക്ക് ലജ്ജയുണ്ടെന്നും അതിനു കാരണക്കാർ ആരായാലും അവരും ലജ്ജ കൊണ്ട് തല താഴ്‌ത്തേണ്ടി വരുമെന്നും മേനോൻ പറഞ്ഞു.
തന്റെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ബാലചന്ദ്ര മേനോൻ ഈ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്.