ഗാസ : ഇസ്രായേലും പാലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വ്യോമാക്രമണങ്ങൾക്കപ്പുറം ഇന്ന് പൂർണ്ണമായ കരയുദ്ധത്തിലേയ്‌ക്ക് ഇസ്രായേൽ നീങ്ങുകയാണ് . ഇതിനായി തങ്ങളുടെ ഏറ്റവും ഫലപ്രദ ആയുധമായ ഡി9ആർ ബുൾഡോസറുകളാണ് ഇസ്രായേൽ ഉപയോഗിക്കുന്നത് . ഈ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഈ ബുൾഡോസറുകളാണ് .
ഈ ബുൾഡോസറിന്റെ സഹായത്തോടെ ഹമാസിന്റെ കുഴിബോംബുകൾ ഒഴിവാക്കി ഇസ്രായേൽ സൈന്യം മുന്നേറുകയാണ്. ഇസ്രായേൽ സൈന്യം ഇതുവരെ ഗാസയിലേക്ക് 5 കിലോമീറ്റർ മുന്നേറി കഴിഞ്ഞു . ഈ D9R ബുൾഡോസറിന്റെ ഭാരം തന്നെ 60 ടൺ ആണ്, ഇതിന് 13 അടി ഉയരമുണ്ട്. വീതി 15 അടിയാണ്. ഈ ബുൾഡോസറിൽ ബുള്ളറ്റ് പ്രൂഫ് കോക്ക്പിറ്റ് ഘടിപ്പിച്ചതിനാൽ ഹമാസിന്റെ ബുള്ളറ്റുകൾ പോലും ഇതിനെ തൊടില്ല . D9R ബുൾഡോസറിന്റെ മുൻവശത്ത് ഒരു വലിയ ബ്ലേഡുമുണ്ട്. രണ്ട് പേർ ചേർന്നാണ് ഈ ബുൾഡോസർ പ്രവർത്തിപ്പിക്കുന്നത് .
ഇടുങ്ങിയ തെരുവുകളിലേക്കും തുരങ്ക ശൃംഖലകളിലേക്കും എളുപ്പത്തിൽ തുളച്ചുകയറാൻ ഈ ടെഡിബിയർ ബുൾഡോസറിന് കഴിയും. സ്ഫോടകവസ്തുക്കൾ വഹിക്കാനും വഴിയിലെ തടസ്സങ്ങൾ നശിപ്പിക്കാനും ഇതിന് കഴിവുണ്ട്. വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും അതിജീവിക്കാനുള്ള അതിന്റെ കഴിവും അതിശക്തമാണ്.
ഇതിന് പുറമെ ടാങ്കുകളും പീരങ്കികളും മറ്റ് കവചിത വാഹനങ്ങളും ഗാസയിലെ കര ആക്രമണത്തിന് ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നു. 1967-ലാണ് ഇസ്രായേൽ സൈന്യം അമേരിക്കൻ നിർമ്മിത ഈ ബുൾഡോസർ ഉപയോഗിക്കാൻ തുടങ്ങിയത്. ഈ ബുൾഡോസർ 2015-ൽ നവീകരിക്കുകയും ‘സ്ലോട്ട് ആർമർ’ ചേർക്കുകയും ചെയ്തു. അതോടെ റോക്കറ്റ് ഗ്രനേഡിന്റെ ആക്രമണത്തെയും എളുപ്പത്തിൽ നേരിടാനാകും. ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ സൈന്യം ഈ ബുൾഡോസറുകൾ ഗാസ അതിർത്തിയിൽ വിന്യസിച്ചിരുന്നു.
100 ബുൾഡോസറുകൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യത്തിന് ഗാസയിൽ ആക്രമണം നടത്താൻ കഴിയുമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഈ ഓരോ ബുൾഡോസറുകളുടെയും വില 1 ദശലക്ഷം ഡോളറാണ്. 2008-09 വർഷത്തിൽ ഓപ്പറേഷൻ കാസ്റ്റ് ലീഡിലും ഇസ്രായേൽ ഈ ബുൾഡോസറുകൾ ഉപയോഗിച്ചിട്ടുണ്ട്.















